കേരള ഗാന്ധി സ്മാരക നിധിയിൽ അധികാര തർക്കം. പുതിയ ഭരണ സമിതി ഇന്ന് അധികാരമേൽക്കുന്നത് തടയാനെത്തിയ പഴയ ഭാരവാഹികളെ പൊലീസ് തടഞ്ഞു.

തിരുവനന്തപുരം: കേരള ഗാന്ധി സ്മാരക നിധിയിൽ അധികാര തർക്കം. പുതിയ ഭരണ സമിതി ഇന്ന് അധികാരമേൽക്കുന്നത് തടയാനെത്തിയ പഴയ ഭാരവാഹികളെ പൊലീസ് തടഞ്ഞു. ജീവനക്കാരുടെ സമരം കാരണം കഴിഞ്ഞ രണ്ടുമാസമായി ഗാന്ധി സ്മാരക നിധിയുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്.

ഗാന്ധി സ്മാരക നിധിയുടെ 15 അംഗങ്ങളുള്ള ഭരണ സമിതിയിൽ നിന്നും പത്ത് പേർ രാജിവച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മാർച്ച് 31ന് കാലാവധി കഴിഞ്ഞിട്ടും പൊതുയോഗം വിളിച്ച് പുതിയ ഭരണ സമിതി തെരെഞ്ഞെടുക്കാത്തതിലെ പ്രതിഷേധമായിരുന്നു രാജിക്ക് കാരണമെന്ന് ജീവനക്കാരുടെ സംഘടന പ്രതിനിധികള്‍ പറയുന്നു. പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാത്തതിനാൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടുമാസമായി കേരള ഗാന്ധി എംപ്ലോയിസ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ ജീവനക്കാർ സമരത്തിലായിരുന്നു. ഈ മാസം പതിനൊന്നിന് വോട്ടവകാശമുള്ള 76 പേരിൽ 45 പേർ ചേർന്ന് പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കുകയും ചെയ്തു.

സൂപ്പർ- മനോഹരൻ, പുതിയ ഭരണ സമിതിയുടെ സെക്രട്ടറി പുതിയ ഭരണ സമിതി ഇന്ന് അധികാരമേൽക്കാനെത്തിയപ്പോഴാണ് മുൻ ഭരണ സമിതി ചെയർമാൻ ഡോ. രാധാകൃഷ്ണനും അനുകൂലിക്കുന്നവരും എതിർപ്പുമായി എത്തിയത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് ഓഫീസിൽ കയറാൻ കഴിഞ്ഞില്ല. ഹൈക്കോടതിവിധി അട്ടിമറിച്ചാണ് പുതിയ തെറഞ്ഞെടുപ്പെന്ന് ഡോ.രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളെല്ലാം നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ജീവനക്കാരുടെ സംഘടന പ്രതിനിധികള്‍ പറ‌ഞ്ഞു.