ആലപ്പുഴ: കൊവിഡ് പരിശോധനാഫലം നെഗറ്റീവായി വീട്ടിലെത്തിയവരെ വീണ്ടും പോസിറ്റീവാക്കി ആരോഗ്യവകുപ്പ്. ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് സംഭവം. കൊവിഡ് നെഗറ്റീവായവരുടെ പട്ടിക പോസിറ്റീവായവരുടേതാണെന്ന ധാരണയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറിയതാണ് വിനയായത്.

കൊവിഡ് പരിശോധനാഫലം നെഗറ്റീവായി വീട്ടിലെത്തിയ 38 കാരനെ കഴിഞ്ഞദിവസം പോസിറ്റീവാണെന്ന് പറഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ചതോടെയാണ് സംഭവം പുറത്തായത്. യുവാവിന്റെ വയസ്സ് പട്ടികയില്‍ 82 ആണെന്നും രേഖപ്പെടുത്തിയിരുന്നു. പരിശോധനാഫലം നെഗറ്റീവായി വീട്ടിലെത്തിയതാണെന്ന് യുവാവ് വ്യക്തമാക്കിയതോടെയാണ് പട്ടിക മാറിപ്പോയതായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മനസിലായത്.

കൊവിഡ് നെഗറ്റീവായ 10 പേരാണ് പട്ടികയിലുണ്ടായിരുന്നത്. ഇവരെയെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം വിളിച്ച് പോസിറ്റീവാണെന്ന് പറഞ്ഞിരുന്നു. ഇതോടെ പലരും  മനസിക സമ്മര്‍ദ്ദത്തിലായി. ഇന്നലെ ആരോഗ്യപ്രവര്‍ത്തകര്‍ തെറ്റ് സമ്മതിച്ചതോടെയാണ് കൊവിഡ് നെഗറ്റീവായിവരുടെ ആധി മാറിയത്.

കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ചികിത്സയ്ക്ക് ശേഷം പരിശോധനാഫലം നെഗറ്റീവായി വീട്ടിലെത്തി ക്വാറന്റീനില്‍ കഴിയുന്നവരും, വിദേശത്ത് നിന്നെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ഫലം നെഗറ്റീവായവരുമാണിവര്‍.