കനത്ത വെള്ളപ്പാച്ചിലില്‍ ബണ്ടിന്‍റെ വടക്കുഭാഗത്തെ കല്‍ക്കെട്ടിന് കേടു പറ്റിയിരുന്നു.  കരിങ്കല്ലിറക്കി ബലപ്പെടുത്തിയതോടെയാണ് കാഞ്ഞാണി, ഗുരുവായൂര്‍ പാതയില്‍ രണ്ടു  ദിവസമായി മുടങ്ങിയ ഗതാഗതം പുനസ്ഥാപിച്ചത്.

തൃശ്ശൂര്‍: ഏനമ്മാവ് ബണ്ടിന്‍റെ (Enamavu Bund) താത്കാലിക മണ്‍ചിറ തുറന്ന് വെള്ളമൊഴുക്കിയത് അശാസ്ത്രീയമെന്ന ആക്ഷേപമുയര്‍ത്തി കോണ്‍ഗ്രസ്. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഏനമ്മാവ് ബണ്ടിന് മുകള്‍ ഭാഗത്ത് കെട്ടിയ താത്കാലിക മണ്‍ചിറ പൊളിച്ച് വെള്ളമൊഴിക്കിക്കളഞ്ഞത്. ചിറ പൊളിച്ചതോടെ ബണ്ടിന്‍റെ വടക്കുഭാഗത്തേക്ക് വെള്ളമിരച്ചെത്തി കല്‍ക്കെട്ട് ഇളകി. ഇതോടെ കാഞ്ഞാണി, ഗുരുവായൂര്‍ റോഡില്‍ ഗതാഗതം ഭാഗികമായി നിരോധിക്കുകയും ചെയ്തു. ഇറിഗേഷന്‍ ഉദ്യോഗസ്ഥരെത്തി കരിങ്കല്ല് അടിച്ച് ബലപ്പെടുത്തിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അശാസ്ത്രീയമായി ചിറപൊളിച്ചതാണ് കല്‍ക്കെട്ട് ഇളകാന്‍ കാരണമായതെന്നാണ് ഉയരുന്ന ആക്ഷേപം.

കനത്ത വെള്ളപ്പാച്ചിലില്‍ ബണ്ടിന്‍റെ വടക്കുഭാഗത്തെ കല്‍ക്കെട്ടിന് കേടു പറ്റിയിരുന്നു. കരിങ്കല്ലിറക്കി ബലപ്പെടുത്തിയതോടെയാണ് കാഞ്ഞാണി, ഗുരുവായൂര്‍ പാതയില്‍ രണ്ടു ദിവസമായി മുടങ്ങിയ ഗതാഗതം പുനസ്ഥാപിച്ചത്. ബണ്ടിന്‍റെ ചോര്‍ച്ച കാരണമാണ് ഉപ്പുവെള്ളം കയറാതിരിക്കാന്‍ വേനല്‍ക്കാലത്ത് മണ്‍ചിറ നിര്‍മ്മിക്കുന്നത്. മഴക്കാലത്ത് ചിറ മുറിച്ച് വെള്ളം ഒഴുക്കിക്കളയുകയുകയാണ് പതിവ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് ഇങ്ങനെ വെള്ളത്തില്‍ കളയുന്നത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ രാജന്‍ റീബില്‍ഡ് കേരളയിലുള്‍പ്പെടുത്തി ബണ്ട് ബലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരുഭാഗത്തെ കല്‍ക്കെട്ട് ഇളകിയ സാഹചര്യത്തില്‍ ബണ്ട് ബലപ്പെടുത്താനുള്ള പണികള്‍ വേഗത്തിലാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.