ഇടുക്കി: ഇടുക്കിയില്‍ ഒരു മന്ത്രിയുണ്ടെങ്കില്‍ എന്ത് ആഭാസത്തരവും കാട്ടാമെന്ന് ആരും കരുത്തേണ്ടെന്ന് കെപിസിസി ജന. സെക്രട്ടറി റോയി കെ പൗലോസ്. അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ പേരില്‍ ഒരുപ്രദേശമാകെ ഇല്ലാതാക്കിയ സംഭവത്തില്‍ ദേശീയപാത അധികൃതരും കരാറുകാരനും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയപാത ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അനുമതിയില്ലാത്ത ക്വാറി ഉദ്ഘാടനം ചെയ്യാന്‍ ഇടുക്കിയിലെ മന്ത്രിയും വിദൂരങ്ങളിന്‍ നിന്നടക്കമുള്ള എംഎല്‍എമാരും എത്തുക. അവിടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പെണ്‍കുട്ടികളെ ഉപയോഗിച്ച് ഡാന്‍സ് നടത്തുക. കോറിയുടമ ബൈസന്‍വാലി പഞ്ചായത്തിന് ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കുക. ഇതെല്ലാം കഴിഞ്ഞ് ക്വാറി ഉടമയുടെ ഭാര്യ ഒരുവശത്തും മറ്റെ അറ്റത്ത് മറ്റൊരു സ്ത്രീയുമൊത്ത് തൂങ്ങിനടക്കുക. ഇത്തരം ആഭാസത്തരങ്ങള്‍ മന്ത്രിയുടെ ബലത്തില്‍ തുടരാമെന്ന് ആരും കരുതേണ്ടെന്ന് റോയി കെ പൗലോസ് പറഞ്ഞു. 

ഗ്യാപ്പ് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ പേരില്‍ അശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേശീയപാത അധികൃതര്‍ ഒന്നാം പ്രതിയും കരാറുകാരന്‍ രണ്ടാം പ്രതിയുമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ നഷ്ടങ്ങള്‍ നികത്തേണ്ടത് ഇവര്‍തന്നെയാണ്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. 

നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ കനകന്‍ അധ്യഷനായിരുന്നു. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അന്‍സാരി, ജില്ലാ സെക്രട്ടറിമാരായ ക്യഷ്ണന്‍കുട്ടി, ഷാനു, ഡിസിസി ജന സെക്രട്ടറി ജി മുനിയാണ്ടി, ബ്ലോക്ക് പ്രസിഡന്റ് ഡി കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പസ്വാമി, മണ്ഡലം പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.