ആലപ്പുഴ: താമരശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച സമര പ്രഖ്യാപന നേതൃസംഗമത്തില്‍ പങ്കെടുത്തവര്‍ ആശങ്കയില്‍. ഈ പരിപാടിയുടെ ഉള്‍പ്പെടെ പ്രധാന സംഘാടകനായ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച താമരശേരിയില്‍ നടന്ന സമര പ്രഖ്യാപന നേതൃസംഗമത്തില്‍ കോഴിക്കോട്ടെയും വയനാട്ടിലെയും യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. സംഗമം ഉദ്ഘാടനം ചെയ്തത് കെ. മുരളീധരന്‍ എം പി യും മുഖ്യ പ്രഭാഷണം ഡോ. എം.കെ. മുനീര്‍ എം എല്‍ എ യുമായിരുന്നു. 

കെപിസിസി വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എം കെ രാഘവന്‍, മുന്‍ എംഎല്‍എമാരായ കെ സി റോസക്കുട്ടി ടീച്ചര്‍, എന്‍ ഡി അപ്പച്ചന്‍, വി എം ഉമ്മര്‍ മാസ്റ്റര്‍, കോഴിക്കോട്ടെ യുഡിഎഫ് നേതാക്കളായ യു രാജീവന്‍ മാസ്റ്റര്‍, ഉമ്മര്‍ പാണ്ടികശാല, ബാലനാരായണന്‍, എം എ റസാഖ് മാസ്റ്റര്‍, നജീബ് കാന്തപുരം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ഇതിന് പുറമെ ബഫര്‍ സോണ്‍ ഉള്‍പെടുന്ന പ്രദേശങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികളും യോഗത്തിനെത്തിയിരുന്നു. ഇതോടെ വലിയ സമ്പര്‍ക്കപട്ടിക തന്നെ തയ്യാറാക്കേണ്ടി വരും. ഇവരില്‍ പലരും സ്വയം ക്വാറന്റീനില്‍ പോയിരിക്കുകയാണെന്ന് വിവരം.