ആലപ്പുഴ: ഡിസിസി സെക്രട്ടറിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മര്‍ദ്ദനം. പുറക്കാട് പഞ്ചായത്ത് മുന്‍ അംഗവും ഡിസിസി സെക്രട്ടറിയുമായ എസ് സുബാഹുവിനാണ് പൊതുനിരത്തില്‍ വച്ച് മര്‍ദനമേറ്റത്. പുറക്കാട് മുന്‍ ബ്ലോക്ക് സെക്രട്ടറി ടി എ താഹയെ മണ്ടലം കോണ്‍ഗ്രസ് കമ്മിറ്റി അംഗമാക്കാതിരുന്നതിനെ ചൊല്ലിയും താഹയുടെ സഹോദരനും ഐഎന്‍ടിയുസി ബ്ലോക്ക് ചെയര്‍മാനുമാനുമായ ടി എ ഹാമീദ്, ഹാമീദിന്റെ ഭാര്യയും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ റഹ്മത്ത് ഹാമീദ് എന്നിവര്‍ക്ക് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നുമുള്ള ആവശ്യത്തെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. 

വ്യാഴാഴ്ച രാവിലെ 9 ഓടെ പുറക്കാട് ജങ്ഷനില്‍ ദേശീയ പാതയോരത്തായിരുന്നു സംഭവം. സ്‌കൂട്ടറില്‍ വന്ന സുബാഹുവിനെ താഹ തടഞ്ഞു നിര്‍ത്തുകയും വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

സര്‍ക്കാരിനെതിരെ പുറക്കാട് വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടത്തിയ സമരത്തില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമീദും ചില കോണ്‍ഗ്രസ് അംഗങ്ങളും വിട്ടുനിന്നിരുന്നു. ഹാമീദിന്റെ വിഭാഗീയ പ്രവര്‍ത്തനമാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് പരക്കെ ആക്ഷേപവുമുയര്‍ന്നു. 

ഇതേച്ചൊല്ലിയും ഇരുവരും ഏറെനേരം വാക്കേറ്റമുണ്ടായി. ഇതിനിടെ സുബാഹു താഹയുടെ മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. കൈയ്യേറ്റം കണ്ട് ഓടിയെത്തിയ സമീപത്തെ വ്യാപാരികളും സമീപ നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തില്‍ താഹയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.