പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. പ്രസിഡൻസി കോളേജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ്  ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഓഫിസിന്റെ ഒന്നാം നിലയിലെ ജനൽ ചില്ലുകളും ഗ്ലാസ് വാതിലും നിലത്ത് പതിച്ച ടൈലുകളും ആക്രമികള്‍ പൂർണമായി തകർത്തു. ആക്രമണങ്ങളുടെ പിന്നില്‍ എസ്‍ഡിപിഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയിൽ ഹർത്താലിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. 
 
ഓഫീസിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാല്‍ ഉമ്മൻചാണ്ടിയുടെ അസൗകര്യത്തെ തുടർന്ന് ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. ഈ കെട്ടിടമാണ് ആക്രമികള്‍ അടിച്ച് തകര്‍ത്തത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടയിൽ എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസിനെതിരെ എസ്‍ഡിപിഐ പ്രകടനവുമുണ്ടായി. ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.