Asianet News MalayalamAsianet News Malayalam

മുച്ചൂടും കൊള്ളയടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർത്ത സിപിഎമ്മുമായി സഹകരിച്ചാൽ അച്ചടക്ക നടപടി: കെപിസിസി

സാധാരണക്കാരുടെ നിക്ഷേപമാണ് സി പി എം മോഷ്ടിച്ചത്. നിക്ഷേപകരുടെ കണ്ണീരിന് സി പി എം മറുപടി പറയേണ്ടിവരും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്നതാണ് ഈ വിഷയത്തില്‍ കെ പി സി സിയുടെ നിലപാട്

Congress says no joint protest with CPM Co Operative Bank ED raid issue Karuvannur bank scam latest news asd
Author
First Published Oct 17, 2023, 4:50 PM IST

തിരുവനന്തപുരം: മുച്ചൂടും കൊള്ളയടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സി പി എമ്മുമായി ഒരു കാരണവശാലും സംയുക്ത സമരങ്ങളിലോ സമ്മേളനങ്ങളിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പുമായി കെ പി സി സി. അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം കെ പി സി സി യോഗം തീരുമാനിച്ച ഈ നിലപാടിന് കടകവിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ശക്തമായ സംഘടനാ നടപടികള്‍ സ്വീകരിക്കുമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സഹകരണ മേഖലയുടെ സംരക്ഷണത്തിനും വിശ്വാസ്യത വീണ്ടെടുക്കാനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും കെ പി സി സി വ്യക്തമാക്കി.

'ഒരു ഇഡിയുടെ മുമ്പിലും ഹാജരായിട്ടില്ല, ഇനി ഹാജരാകേണ്ടി വന്നാൽ ഇക്ക പോയതുപോലെ തലയിൽ മുണ്ടിട്ട് പോകില്ല': ഫിറോസ്

സി പി എമ്മിന് നില്‍ക്കള്ളിയില്ലാതായപ്പോഴാണ് കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത്. സി പി എം സഹകരണ മേഖലയില്‍ നടത്തിയ തീവെട്ടിക്കൊള്ളയുടേയും ശതകോടികളുടെ ബിനാമി ഇടപാടുകളുടേയും വിഴുപ്പുപാണ്ഡം ചുമക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. ജനങ്ങളാല്‍ ഒറ്റപ്പെട്ട സി പി എം രക്ഷപെടാന്‍ വേണ്ടിയാണ് യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത്. ഈ വിഷയത്തിൽ ഒറ്റക്ക് സമരം ചെയ്യാനുള്ള ആർജ്ജവവും തന്റേടവും സംഘടനാബലവും കോൺഗ്രസിനുണ്ടെന്നും കെ പി സി സി അഭിപ്രായപ്പെട്ടു.

സാധാരണക്കാരുടെ നിക്ഷേപമാണ് സി പി എം മോഷ്ടിച്ചത്. നിക്ഷേപകരുടെ കണ്ണീരിന് സി പി എം മറുപടി പറയേണ്ടിവരും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്നതാണ് ഈ വിഷയത്തില്‍ കെ പി സി സിയുടെ നിലപാട്. സഹകരണ മേഖലയിലെ പുഴുകുത്തുകളെ സംരക്ഷിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും നാടിന്റെയും ജീവനാഡിയായ സഹകരണ മേഖലയെ തട്ടിപ്പ് സംഘത്തില്‍ നിന്നും മുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.

സി പി എം ഭരണസമിതി വരുത്തിവച്ച ബാധ്യത മറ്റു സഹകരണ ബാങ്കുകളിലെ ഫണ്ട് ഉപയോഗിച്ച് പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ഭരണത്തിലുള്ള സഹകരണ ബാങ്കുകള്‍ ഇതിനോട് സഹകരിക്കേണ്ടതില്ലെന്നും കെ പി സി സി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios