ചോര്‍ന്നൊലിച്ച് നിലം പൊത്താറായ കുടിലുകളിൽ കഴിയുന്ന ആദിവാസികളുടെ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുന്നതായി ആക്ഷേപം

ഇടുക്കി: ഇടമലക്കുടിയില്‍ ആദിവാസികളുടെ ഭവന നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ചോര്‍ന്നൊലിച്ച് നിലം പൊത്താറായ കുടിലുകളിൽ കഴിയുന്ന ആദിവാസികളുടെ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുന്നതായും ആക്ഷേപമുണ്ട്.

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഒട്ടേറെ വീടുകളുടെ നിർമ്മാണമാണ് പാതിയിൽ മുടങ്ങിയിരിക്കുന്നത്. തറ കെട്ടിയതും ഭിത്തി പണിതതുമായ നിലയിലുളള വീടുകളിൽ മിക്കതും നശിച്ചു കൊണ്ടിരിക്കുകയുമാണ്. ഒരു വർഷത്തിനിടെ നിരവധി തവണ വീട് പൂര്‍ത്തിയാക്കാൻ നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടും ഫണ്ടെത്തിയിട്ടില്ലെന്ന മറുപടിയാണ് കിട്ടുന്നതെന്നും കുടി നിവാസികള്‍ പറയുന്നു.

ആദ്യ ഗഡു പണം വാങ്ങിയ കരാറുകാർ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയെന്നാണ് ആരോപണമുയരുന്നത്. നിലവിലുള്ള കുടിലുകള്‍ എല്ലാം തന്നെ ചോര്‍ന്നൊലിയ്ക്കുന്ന അവസ്ഥയിലാണ്. മണ്ണും കാട്ടുകമ്പുകളും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കുടിലുകൾ അടുത്ത ഒരു മഴക്കാലത്തെ അതിജീവിക്കാന്‍ പോന്നവയല്ല. അതിനാൽ മഴക്കാലത്തിന് മുമ്പ് ഈ വീടുകൾ പൂര്‍ത്തിയാക്കാൻ നടപടി വേണമെന്നാണ് ഇടമലക്കുടിവാസികളുടെ അഭ്യർത്ഥന.