ആദ്യഘട്ടത്തില്‍ 4 മുറികളും 18 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെറ്ററിയും സജ്ജീകരിക്കും.
ഇടുക്കി: മൂന്നാറിലേക്കെത്തുന്ന വനിതകളായ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കാന്‍ ലക്ഷ്യമിട്ട് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. ഇതിനായി നിര്‍മ്മിക്കുന്ന ഷീ ലോഡ്ജിന്റെ ശിലാസ്ഥാപന ചടങ്ങ് നടന്നു. പള്ളിവാസല്‍ രണ്ടാംമൈലിലാണ് ഷീലോഡ്ജ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ ശിലാസ്ഥാപന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷീ ലോഡ്ജ് പദ്ധതി മൂന്നാറിന്റെ വിനോദസഞ്ചാരമേഖലക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തില്‍ 4 മുറികളും 18 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെറ്ററിയും സജ്ജീകരിക്കും. ക്യാന്റീന്‍ സൗകര്യവും ഒരുക്കും. വനിതകള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുകയെന്നതിനൊപ്പം തദ്ദേശിയരായ വനിതകള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും കൂടി പദ്ധതിക്കുണ്ട്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം രൂപ ആദ്യഘട്ട നിര്‍മ്മാണ ജോലികള്‍ക്കായി ഉപയോഗിക്കും. ഈ വര്‍ഷം ഡിസംബറില്‍ ഷീ ലോഡ്ജ് പ്രവര്‍ത്തനക്ഷമമാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ശിലാസ്ഥാപന ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലത അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
