2023 ഏപ്രിലിലും മെയ് മാസത്തിലുമായി ചികിത്സ നടത്തിയപ്പോള്‍ ആകെ 4.46 ലക്ഷം രൂപ ചെലവായെങ്കിലും മെഡിസെപ് വഴി വെറും 1.48 ലക്ഷം രൂപ മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചത്. ബാക്കി തുക സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടി വന്നു.

മലപ്പുറം: മെഡിസെപ്പ് ഗുണഭോക്താവിന്റെ ചികിത്സ നിശ്ചയിച്ച പാക്കേജ് പ്രകാരം തന്നെ പൂര്‍ത്തിയാക്കണമെന്നും അധികത്തുക ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. ചികിത്സാ ചെലവിലേക്കുള്ള ബാക്കി തുകയും നഷ്ടപരിഹാരവും ഉള്‍പ്പെടെ 3,22,865 രൂപ പരാതിക്കാരന് നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്കും സ്വകാര്യ ആശുപത്രിയ്ക്കുമെതിരെ കമ്മീഷന്‍ ഉത്തരവിട്ടു. കിഴിശ്ശേരി സ്വദേശിയായ 70 വയസ്സുകാരനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് തവണയായി ചികിത്സിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് വിധി.

2023 ഏപ്രിലിലും മെയ് മാസത്തിലുമായി ചികിത്സ നടത്തിയപ്പോള്‍ ആകെ 4.46 ലക്ഷം രൂപ ചെലവായെങ്കിലും മെഡിസെപ് വഴി വെറും 1.48 ലക്ഷം രൂപ മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചത്. ബാക്കി തുക സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടി വന്നതോടെയാണ് കാര്‍ഡുടമയുടെ അവകാശികള്‍ കമ്മീഷനെ സമീപിച്ചത്. സംസ്ഥാന-ജില്ലാ തല പരാതി പരിഹാര അതോറിറ്റികളെ സമീപിക്കാതെ ഉപഭോക്തൃ കമ്മീഷനില്‍ നല്‍കിയ പരാതി നിലനില്‍ക്കില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കോടതി നിരാകരിച്ചു.

പാക്കേജിന് പുറത്തുള്ള തുക ഈടാക്കുമ്പോള്‍ രോഗിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണമെന്നും എംപാനല്‍ ചെയ്ത ആശുപത്രികള്‍ അധിക തുക ഈടാക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മീഷന്‍. ചികിത്സാ ചെലവിന്റെ ബാക്കി തുകയായ 2,97,865 രൂപയ്ക്ക് പുറമെ, മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവായി 5,000 രൂപയും ചേര്‍ത്ത് 45 ദിവസത്തിനകം നല്‍കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.