Asianet News MalayalamAsianet News Malayalam

ടിക്കറ്റെടുത്തിട്ടും സന്തോഷ്‌ട്രോഫി ഫൈനൽ മത്സരം കാണാൻ പറ്റാത്തവർക്ക് നഷ്ടപരിഹാരം, 10,000 രൂപ നൽകാൻ ഉത്തരവ്

ടിക്കറ്റ് എടുത്തിട്ടും നിരവധി പേർക്ക് മത്സരം കാണാതെ മടങ്ങേണ്ടി വന്നു. രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരം കാണാൻ വൈകീട്ട് നാലിന് എത്തിയവർക്ക് പോലും സാധിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഗാലറി നിറഞ്ഞതോടെ സ്റ്റേഡിയത്തിലേക്കുള്ള മുഴുവൻ വഴികളും അടച്ചു.

consumer court orders Rs 10,000 in compensation for those who have tickets to the Santosh Trophy final match but cannot watch the match
Author
First Published Aug 22, 2024, 12:25 PM IST | Last Updated Aug 22, 2024, 12:25 PM IST

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരം കാണാൻ ടിക്കറ്റ് എടുത്തിട്ടും പയ്യനാട് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ വിധി. കളി കാണാനാകാതെ മടങ്ങിയവർക്ക് ടിക്കറ്റ് തുക തിരിച്ച് നൽകാനും 10,000 രൂപ നഷ്ടപരിഹാരം നൽകാനും ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 30 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകണമെന്നും ഇല്ലെങ്കിൽ ഒമ്പത് ശതമാനം പലിശ ഈടാക്കാമെന്നും ഉത്തരവിൽ പറയുന്നു.

കെ. മോഹൻദാസ് പ്രസിഡൻറും സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളായ കമീഷനാണ് ഉത്തരവിറക്കിയത്. കാവനൂർ സ്വദേശി കെ.പി മുഹമ്മദ് ഇഖ്ബാൽ, കൊല്ലം മങ്ങാട്ട് സ്വദേശി മനോഷ് ബാബു. നസീം കരിപ്പകശ്ശേരി എന്നിവരാണ് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ, മലപ്പുറം ജില്ല സ്‌പോർട്സ് കൗൺസിൽ എന്നിവരെ എതിർകക്ഷികളാക്കി പരാതി നൽകിയത്. 2022 ൽ മലപ്പുറം ആദ്യമായി ആതിഥേയത്വം വഹിച്ച സന്തോഷ് ട്രോഫി മത്സരങ്ങൾ കോട്ടപ്പടിയിലും പയ്യനാട് സ്റ്റേഡിയത്തിലുമായാണ് നടന്നത്. മെയ് രണ്ടിനാണ് കേരളം -ബംഗാൾ ഫൈനൽ മത്സരം നടന്നത്.

ടിക്കറ്റ് എടുത്തിട്ടും നിരവധി പേർക്ക് മത്സരം കാണാതെ മടങ്ങേണ്ടി വന്നു. രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരം കാണാൻ വൈകീട്ട് നാലിന് എത്തിയവർക്ക് പോലും സാധിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഗാലറി നിറഞ്ഞതോടെ സ്റ്റേഡിയത്തിലേക്കുള്ള മുഴുവൻ വഴികളും അടച്ചു. 25,000 ലധികം പേരാണ് ഫൈനൽ കാണാൻ പയ്യനാട്ടെത്തിയത്. ബംഗാളിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കേരളം ഏഴാം കിരീടത്തിൽ മുത്തമിടുകയും ചെയ്തിരുന്നു. പരാതിക്കാർക്ക് വേണ്ടി അഭിഭാഷകരായ പി. സാദിഖലി അരീക്കോട്. എൻ.എച്ച് ഫവാസ് ഫ ർഹാൻ എന്നിവർ ഹാജരായി.

Read More : മരണവീട്ടിൽ മാസ്ക് ധരിച്ചെത്തി 29 കാരി, മുറിയിൽ കയറിയിറങ്ങി; കട്ടിലിനടിയിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios