വർഷങ്ങളായ മാലിന്യത്തിന് 'ശാപമോക്ഷ'ത്തിന് പുതിയ കരാറായി, 77 ലക്ഷം രൂപയുടെ കരാർ ഒപ്പുവച്ചെന്ന് കട്ടപ്പന നഗരസഭ
ടൺ കണക്കിന് വരുന്ന മാലിന്യം നീക്കം ചെയ്യുന്നതിനായി 77 ലക്ഷം രൂപയുടെ ടെണ്ടറാണ് നഗരസഭ ക്ഷണിച്ചിരുന്നത്
കട്ടപ്പന: നഗരസഭയിലെ ലെഗസി മാലിന്യം നീക്കാൻ 77 ലക്ഷം രൂപയുടെ കരാർ. ഇതോടെ നാളുകളായി നിലനിൽക്കുന്ന മാലിന്യ പ്രശ്നത്തിനാണ് പരിഹാരമാകാൻ സാധ്യത ഉയരുന്നത്. മാലിന്യ സംസ്കരണശാലയിലാണ് ടൺകണക്കിന് മാലിന്യം കെട്ടിക്കിടക്കുന്നത്. മാലിന്യം അടിയന്തരമായി നീക്കാനുള്ള ടെൻഡറിൽ കരാറുകാർ ഒപ്പുവെച്ചുവെന്നും ഉടനടി നടപടികൾ ആരംഭിക്കുമെന്നും നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി പറഞ്ഞു. കട്ടപ്പന നഗരസഭ മാലിന്യ സംസ്കരണ ശാലയിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനാണ് നടപടിയായത്. ടൺ കണക്കിന് വരുന്ന മാലിന്യം നീക്കം ചെയ്യുന്നതിനായി 77 ലക്ഷം രൂപയുടെ ടെണ്ടറാണ് നഗരസഭ ക്ഷണിച്ചിരുന്നത്. ഇതിൽ കരാറുകാർ ഒപ്പുവെച്ചുവെന്നും ഉടനടി മാലിന്യ നീക്കത്തിനുള്ള നടപടികൾ ആരംഭിക്കും.
ഏറെ നാളായി നിലനിൽക്കുന്ന പ്രശ്നം
പുളിയന്മലയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണശാലയിൽ വലിയതോതിൽ മാലിന്യം കെട്ടിക്കിടന്നിരുന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു. വർഷങ്ങൾ ആയിട്ടുള്ള മാലിന്യമാണ് ഇവിടെ കുന്നുകൂടിയിരുന്നത്. കൃത്യസമയത്ത് ഇവ നീക്കം ചെയ്യാതിരുന്നതിനാൽ മാലിന്യം കുന്നുകൂടി സാംക്രമികരോഗ ഭീഷണി അടക്കം ഉണ്ടാകുന്നതിനും കാരണമായിരുന്നു. മഴക്കാലം ശക്തമായതോടെ മാലിന്യം നീക്കം ചെയ്യാനാകാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് നഗരസഭ അടിയന്തര നടപടിയെന്നോണം മാലിന്യ നീക്കത്തിനായി കരാർ ക്ഷണിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം