ആലപ്പുഴ: ഡിവൈഎഫ്ഐയിൽ അമ്പലപ്പുഴ ഏരിയ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി തർക്കം. താൽക്കാലിക ചുമതലയുള്ള സെക്രട്ടറിയെ പ്രഖ്യാപിച്ച യോഗത്തിൽ നിന്ന് രാജി പ്രഖ്യാപിച്ച് ഏരിയ പ്രസിഡന്റ് ഇറങ്ങിപ്പോയി. ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന ജി. വേണുഗോപാൽ മന്ത്രി ജി. സുധാകരന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായതിനെ തുടർന്ന് പുതിയ സെക്രട്ടറിയെ തീരുമാനിക്കാൻ ഇന്നലെ സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗമാണ് ഡിവൈഎഫ്ഐ ഏരിയ പ്രസിഡന്റിന്റെ രാജി പ്രഖ്യാപനത്തിലും ഇറങ്ങിപ്പോക്കിലും അവസാനിച്ചത്. 

പ്രശാന്ത് എസ് കുട്ടിയെ താൽക്കാലിക സെക്രട്ടറിയാക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ സിപിഎം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടനും ഏരിയ കമ്മിറ്റി അംഗം സി. ഷാംജിയുമാണ് പാർട്ടി തീരുമാനം ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ചത്. എന്നാൽ, തീരുമാനം ഏകപക്ഷീയമാണെന്ന് പ്രഖ്യാപിച്ചാണ് ഒരു വിഭാഗം എതിർത്തത്. 

ഇരുപത് പേർ പങ്കെടുത്ത യോഗത്തിൽ 9 പേർ നിർദേശത്തെ എതിർത്തു. വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിട്ടും ചർച്ച നടത്താൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച്, രാജി പ്രഖ്യാപിച്ച് ഏരിയ പ്രസിഡന്റ് അജ്മൽ ഹസൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.