അങ്കണവാടി തര്‍ക്കം; ഭരണസമിതി യോഗത്തില്‍ വാർഡ് മെമ്പർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
അങ്കണവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഒടുവിലാണ് ഏഴാം വാര്‍ഡ് മെമ്പര്‍ മുസ്ലീംലീഗിലെ ആയിശത്ത് റുബീന ഉറക്ക ഗുളിക കഴിച്ചത്.
കാസർകോട്: മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ഉറക്ക ഗുളിക കഴിച്ച് വാര്‍ഡ് മെമ്പറുടെ ആത്മഹത്യാ ശ്രമം. അങ്കണവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഏഴാം വാര്‍ഡ് മെമ്പറായ മുസ്ലീംലീഗിലെ ആയിശത്ത് റുബീന ഉറക്ക ഗുളിക കഴിച്ചത്. ഗുതുരതാവസ്ഥയിലായ ഇവര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഇന്നലെ ഭരണ സമിതി യോഗത്തിനിടയ്ക്കാണ് സംഭവം.
ഏഴാം വാര്‍ഡില്‍ അങ്കണവാടി സ്ഥാപിക്കുന്നതില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഏഴാം വാർഡിൽ അങ്കണവാടി കെട്ടിടം പണിയാൻ റുബീനയും ആറാം വാർഡിൽ കെട്ടിടം നിർമിക്കാൻ എസ്ഡിപിഐ അംഗവും സ്ഥലം കണ്ടുവെച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ രണ്ട് സ്ഥലവും യോഗ്യമല്ലെന്ന് കണ്ട് നിര്‍ദേശം തള്ളുകയായിരുന്നു. പ്രദേശ വാസികളുടേയും മറ്റും കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ഏഴാം വാർഡില്‍ അങ്കണവാടി സ്ഥാപിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു റുബീനയുടെ ആവശ്യം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8