മലപ്പുറം: കവളപ്പാറ ഉരുൾപ്പൊട്ടലിന് സാക്ഷ്യം വഹിച്ച കുട്ടികളെ സാധാരണ ജീവിതത്തിലെത്തിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ കൗൺസിലിങ് നൽകി ആരോഗ്യ വകുപ്പ്. വയനാട്ടിലെ സെന്റ് ജോർജ്ജ് മലങ്കര കത്തീഡ്രലിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളെ കളികളിലൂടെയും കൗണ്‍സിലിങ്ങിലൂടെയുമാണ് ആരോഗ്യ വകുപ്പ് അധികൃതരും ക്യാമ്പിലെ സന്നദ്ധപ്രവർത്തകരും ചേർന്ന് ദുരിതത്തിന്റെ ഓർമ്മയിൽനിന്ന് കരക്കയറ്റുന്നത്.

ഉരുൾപ്പൊട്ടലിന് ശേഷം കിടപ്പാടമടക്കം നഷ്ടപ്പെട്ടവർ ജില്ലയിലെ വിവിധ ക്യാമ്പുകളിലായി കഴിയുകയാണ്. ക്യാമ്പിൽ നിന്നാണ് കുട്ടികൾ സ്കൂളുകളിലേക്ക് പോകുന്നത്. ദുരന്തം മുന്നിൽ കണ്ട് പകച്ചുപോയ കുഞ്ഞുങ്ങൾ വീണ്ടും സ്കൂളിൽ പോകാൻ തുടങ്ങിയതോടെ സന്തോഷവാൻമാരായിരിക്കുകയാണെന്ന് ഫാദർ ജോൺസൺ പറഞ്ഞു. സ്കൂൾ വിട്ട് വൈകുന്നേരം ക്യാമ്പിൽ തിരിച്ചെത്തുന്നതോടെ കളിത്തിരക്കിലായിരിക്കും കുട്ടികൾ. ഒപ്പം താനും അവർക്കൊപ്പം കൂടുമെന്നും കുട്ടികളുടെ പ്രിയപ്പെട്ട ജോൺസന്നച്ചൻ പറഞ്ഞു.

ക്യാമ്പ് പിരിച്ചുവിട്ടാൽ എങ്ങോട്ടു പോകണമെന്നറിയാതെ ആശങ്കപ്പെടുന്നവർക്ക് ഈ കുരുന്നുകളുടെ പുഞ്ചിരിയും കുറുമ്പുകളും തിരിച്ചു വന്നത് മാത്രമാണ് ഏക ആശ്വാസമെന്നും ഫാദർ ജോൺസൺ കൂട്ടിച്ചേർത്തു.