കൊല്ലം അഞ്ചലിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് പണവും ഫോണുകളും മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ. ജീവനക്കാരന്റെ സഹായത്തോടെയായിരുന്നു ആസൂത്രിത മോഷണം
കൊല്ലം : മൊബൈൽ ഫോൺ ഷോപ്പ് കുത്തിത്തുറന്ന് പണവും ഫോണും അപഹരിച്ച ദമ്പതികൾ പിടിയിൽ. അഞ്ചൽ കരികോൺ സ്വദേശികളായ സുൽത്താൻ, ഭാര്യ ആര്യ എന്നിവരാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് അഞ്ചൽ മുക്കട ജംഗ്ഷനിലെ മൊബൈൽ മാൾ എന്ന മൊബൈൽ ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്ന് ഇവർ മോഷണം നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളുമാണ് അപഹരിച്ചെടുത്തത്. കടയുടമയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു. പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്തു.
വളരെ ആസൂത്രിതമായിട്ടാണ് പ്രതികൾ മോഷണം നടത്തിയത്. കടയിൽ തന്നെയുള്ള ഒരാളുടെ സഹായത്തോടെയാകാം മോഷണം നടത്തിയതെന്ന് പോലീസ് മനസ്സിലാക്കിയതോടെ ജീവനക്കാരെ ചോദ്യം ചെയ്തു. അങ്ങനെയാണ് ജീവനക്കാരനായ അഭിഷേകിന്റെ പങ്കു വ്യക്തമായത്. തുടർന്നാണ് മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്. പ്രതി സുൽത്താന്റെ പിതാവ് ബൈക്ക് നാസർ എന്നറിയപ്പെടുന്ന ആൾ അടുത്തിടെ പോസ്കോ കേസിൽ അറസ്റ്റിലായിരുന്നു. പ്രതികളായ ദമ്പതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


