സ്കൂട്ടറിലേക്ക് സ്വകാര്യ ബസ് ഇടിച്ച് കയറി; വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
കക്കോടി സ്വദേശികളായ ഷൈജു ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്ക് യാത്രികനും അപകടത്തിൽ പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്ക് യാത്രികനും അപകടത്തിൽ പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസ് ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് മോട്ടോർ വാഹന വകുപ്പ് കേസെടുത്തു.
മലാപ്പറമ്പ് ബൈപ്പാസിൽ വേങ്ങേരി ജംഗ്ഷന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടമുണ്ടായത്. കുന്നമംഗലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണമെന്ന ബസ് ഇരുചക്ര വാഹനങ്ങളിലേക്കും മുമ്പിലുണ്ടായിരുന്ന ബസിലേക്കും ഇടിച്ച് കയറുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കക്കോടി സ്വദേശി ഷൈജുവും ഭാര്യ ജീമയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷൈജുവിന്‍റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ മുന്നിൽ സഞ്ചരിച്ചിരുന്ന ബസ് പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മറ്റൊരു ബൈക്ക് യാത്രികനും ബസിലെ യാത്രക്കാർക്കും നിസാര പരുക്കുകളുണ്ട്. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.
മുമ്പിൽ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ബ്രേക്കിട്ടത് പിന്നാലെ വന്ന ബസ് ഡ്രൈവർ ശ്രദ്ധിക്കാത്തതാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് ഡ്രൈവർ അഖിൽ കുമാറിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പരിശോധന നടത്തി ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കും. വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനാണ് ഷൈജു. വിദ്യാർത്ഥികളായ അശ്മിതയും അശ്വന്തുമാണ് മക്കള്‍.
Also Read: ചിറയിൽ കുളിക്കാനിറങ്ങി; തൃശൂരില്‍ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം