വയനാട്: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വയനാട് മുട്ടിൽമല പഴശ്ശി കോളനിയിലെ നവദമ്പതികൾക്ക് ദാരുണാന്ത്യം. ഒരു മിന്നല്‍പിണരിന്‍റെ വേഗത്തിലെത്തിയ മണ്ണിടിച്ചിലിൽ പഴശ്ശി കോളനിയിലെ മഹേഷിന്‍റെയും പ്രീതുവിന്‍റെയും ജീവനാണ് നഷ്ടമായത്. മണ്ണിനടിയിൽ നിന്ന് ഇരുവരെയും രക്ഷിക്കാന്‍ നാട്ടുകാര്‍ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആ​ഗസ്റ്റ് എട്ടിനാണ് സംഭവം.

രണ്ടുമാസം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അപകടത്തില്‍ സാരമായി പരിക്കേറ്റ പ്രീതുവിന്‍റെ അച്ഛന്‍ വേലായുധനും അമ്മ കല്യാണിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യമായാണ് പ്രദേശത്ത് ഇത്തരത്തിലൊരു പ്രകൃതിക്ഷോഭം ഉണ്ടാകുന്നതെന്ന്  പതിറ്റാണ്ടുകളായി മുട്ടിൽമലയിൽ താമസിക്കുന്നവർ പറയുന്നു.

മണ്ണിടിച്ചിലിനെ തുടർന്ന് മുട്ടിൻമലയിലെ നാൽപ്പത്തിയഞ്ചോളം കുടുംബങ്ങൾ ​ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇനി എന്തു ധൈര്യത്തില്‍ വീട്ടിലേക്ക് തിരിച്ചുപോകുമെന്ന ആശങ്കയിലാണ് ഇവർ. 2002-ലാണ് സർക്കാർ ആദിവാസികള്‍ക്ക് ഓരോ ഏക്കർ വീതം ഭൂമി നല്‍കി പഴശ്ശി കോളനി സ്ഥാപിച്ചത്.