തൃശ്ശൂർ: വയോജന ദിനമായ ഇന്ന് വളരെ സന്തോൽകരമായ കാഴ്ചയാണ് തൃശ്ശൂരിൽ നിന്ന് പുറത്തുവരുന്നത്. 33 വർഷം മുമ്പ് പിരിഞ്ഞ ദമ്പതികൾ യാദൃശ്ചികമായി അ​ഗതി മന്ദിരത്തിൽ വച്ച് കണ്ടുമുട്ടുകയും വീണ്ടും ഒന്നിക്കുകയും ചെയ്തിരിക്കുകയാണ്. 
തൃശ്ശൂർ പുല്ലൂറ്റിലെ വെളിച്ചം അഗതി മന്ദിരമാണ് അത്യപൂർവമായ ഒരു സംഗമത്തിനാണ് കഴിഞ്ഞയാഴ്ച സാക്ഷിയായത്.

ആദ്യം പ്രണയം. പിന്നെ 27 വർഷത്തെ ദാമ്പത്യ ജീവിതം പിരിഞ്ഞ് 33 വർഷത്തിന് ശേഷം അഗതി മന്ദിരത്തിൽ വീണ്ടും കണ്ടുമുട്ടിയപ്പോൾ സെയ്ദുവിനും സുഭദ്രയ്ക്കും സന്തോഷവും ചെറു പരിഭവങ്ങളും ബാക്കി. ഏറെക്കാലമായി അഗതി മന്ദിരത്തിലെ അന്തേവാസിയാണ് സുഭദ്ര. കഴിഞ്ഞയാഴ്ചയാണ് റോഡിൽ അവശനായി കണ്ടെത്തിയ സെയ്ദുവിനെ പൊലീസ്  അഗതി മന്ദിരത്തിലെത്തിച്ചത്. അവിടെവച്ചാണ് തന്റെ സഹധർമിണിയെ സെയ്ദു വീണ്ടും കണ്ടുമുട്ടുന്നത്.

"

ആദ്യ ഭർത്താവ് മരിച്ച ശേഷം അച്ഛനൊപ്പം താമസിച്ചിരുന്ന സുഭദ്രയെ സെയ്ദു പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു. വർഷങ്ങൾക്ക മുൻപ് ജോലി തേടി ഉത്തരേന്ത്യയിലേക്ക് പോയ സെയ്ദു പിന്നീട് തിരിച്ചു വന്നില്ല. വർഷങ്ങൾക്ക് മുൻപ് നാട്ടിലെത്തി ഏറെ അന്വേഷിച്ചെങ്കിലും സുഭദ്രയെ കണ്ടെത്താനായില്ലെന്ന് സെയ്ദു പറയുന്നു.

എന്തായാലും പരിഭവം മാറ്റിവച്ച് വീണ്ടും ഒന്നിക്കുകയാണ് ഇരുവരും. ആടിയും പാടിയും ബാക്കിയുള്ള ജീവിതം ഉല്ലസിക്കാൻ തന്നെയാണ് ഇരുവരുടെയും തീരുമാനം. ഇരുവർക്കും മക്കളില്ല.