തൊണ്ടര്‍നാട് കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ നവദമ്പതികള്‍ കൊല്ലപ്പെട്ടിട്ട് വ്യാഴാഴ്ച രണ്ടു മാസം തികഞ്ഞു. എങ്കിലും പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം ഇരുട്ടില്‍ തന്നെയാണ്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാല്‍ കുടുംബം നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേക അന്വേഷണ സംഘം വിശ്രമമില്ലാതെ അന്വേഷിച്ചിട്ടും കൊലപാതക കാരണം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മാനന്തവാടി: തൊണ്ടര്‍നാട് കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ നവദമ്പതികള്‍ കൊല്ലപ്പെട്ടിട്ട് വ്യാഴാഴ്ച രണ്ടു മാസം തികഞ്ഞു. എങ്കിലും പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം ഇരുട്ടില്‍ തന്നെയാണ്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാല്‍ കുടുംബം നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേക അന്വേഷണ സംഘം വിശ്രമമില്ലാതെ അന്വേഷിച്ചിട്ടും കൊലപാതക കാരണം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരുമാസം മുമ്പ് തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സ്ഥലം എം.എല്‍.എയുടെ ഇടപെടലിലൂടെ നീക്കം നടത്തിയിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട പ്രകാരം സാവകാശം നല്‍കുകയായിരുന്നു. എന്നാല്‍, ജില്ലയിലുണ്ടായ പ്രളയത്തിനിടെ കേസ് സംബന്ധിച്ച തുടര്‍ നടപടികളെല്ലാം നിലച്ചു.
കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു രണ്ടും കണ്ടെത്താന്‍ പൊലീസ് നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെയും വിജയിച്ചിട്ടില്ല. സ്വര്‍ണം കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവയുടെ സഹായം പൊലീസ് തേടിയിരുന്നു. ഇരുമ്പുവടി, ഖനമുള്ള പൈപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് അടിച്ച് കൊലപ്പെടുത്തിയിരിക്കുന്ന എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ഡോഗ്‌സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. വീടിനോടനുബന്ധിച്ചുള്ള കുളിമുറിയില്‍നിന്നു മറ്റും ലഭിച്ച കാല്‍പാദത്തിന്‍റെ അടയാളങ്ങള്‍ വെച്ച് ദിവസങ്ങള്‍ നീണ്ടു നിന്ന തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയെങ്കിലും ആരെയും തിരിച്ചറിയാന്‍ സാധിച്ചില്ല. കൊല്ലപെട്ടവരുടെ ജീവിത പശ്ചാത്തലവും കുടുംബ സാമൂഹിക പശ്ചാത്തലവും വെച്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് മോഷണമല്ലാതെ മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍, ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന മറ്റു സ്വര്‍ണങ്ങളും വീട്ടിലുണ്ടായിരുന്ന പണവും നഷ്ടപ്പെടാഞ്ഞത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. വീടുമായി ഒരിക്കലെങ്കിലും പരിചയപ്പെട്ടവരോ പ്രദേശത്തെ ആരുടെയെങ്കിലും സഹായത്തോടെയോ നടത്തിയ കൃത്യമാവാമെന്നായിരുന്നു പൊലീസ് നിഗമനം. സമാന കേസുകളിലുള്‍പ്പെട്ടവരെ വിളിച്ചുവരുത്തി ഇതിനോടകം ചോദ്യം ചെയ്യുകയുണ്ടായി. തെളിവുകള്‍ ഒന്നും തന്നെ അവശേഷിക്കാതെ നടത്തിയ കൃത്യമായതിനാല്‍ ഇതരസംസ്ഥാനക്കാര്‍ക്ക് പുറമെ പ്രഫഷനല്‍ കൊലയാളികളിലേക്കും അന്വേഷണം കേന്ദ്രീകരിച്ചിട്ടുണ്ട്.
