ഇടുക്കി: മകളെ നല്ലനിലയിൽ എത്തിക്കുന്നതിനായി അച്ചാർ ഉണ്ടാക്കി വിൽക്കുകയാണ് ഇടുക്കിയിലെ ദമ്പതികൾ. മൂന്നാര്‍ കെഡിഎച്ച്പി കമ്പനിയുടെ നെറ്റിക്കുടി ഡിവിഷനില്‍ താമസിക്കുന്ന ഗണേഷന്‍- ചന്ദ്ര ദമ്പതികളാണ് അച്ചാര്‍ ഭരണികള്‍ വിപണിയിലെത്തിച്ച് അന്നത്തിന് വക കണ്ടെത്തുന്നത്. എന്നാൽ, കുറച്ച് മാസങ്ങളായി കച്ചവടം കുറവാണ്. സഹായിക്കാന്‍ ആരുമില്ലാതെ വന്നതോടെ ഭരണികള്‍ വീട്ടിനുള്ളില്‍ കെട്ടിക്കിടക്കുകയാണ്. അതിനാൽ വരുമാന മാർഗവും മുടങ്ങിയിരിക്കുകയാണെന്ന് ​ഗണേഷൻ പറഞ്ഞു.

ഏഴുവര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ കൈക്ക് സ്വാധീനം നഷ്ടപ്പെട്ടതോടെയാണ് ​ഗണേഷന് ജോലിക്ക് പോകാൻ കഴിയാതെയായത്. ഇതിനിടെ മക്കളിലൊരാൾ 13-ാം വയസ്സില്‍ മരണപ്പെട്ടു. ഒരു മകള്‍ ഹൈറേഞ്ച് സ്‌കൂളില്‍ പഠിക്കുകയാണ്. തേയില തോട്ടം തൊഴിലാളിയായ ഭാര്യ ചന്ദ്രയുടെ ഏക വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. മകളുടെ പഠനത്തിനുള്ള ഫീസും മറ്റും ചെലവുകളുമൊക്കെ കഴിയുമ്പോഴേക്കും ആകെ 5000രൂപ മാത്രമാണ് കയ്യില്‍ കിട്ടുക.

അങ്ങനെയാണ് ഒരു വരുമാന മാര്‍ഗം എന്ന നിലയില്‍ അച്ചാര്‍ നിര്‍മാണം തുടങ്ങിയത്. രണ്ട് വര്‍ഷമായി അച്ചാർ ഉണ്ടാക്കി വിൽക്കുകയാണ്. ഇരുപത്തിയൊന്നില്‍ പരം അച്ചാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചമാണെന്നാണ് കടക്കാരും വാങ്ങുന്നവരും അഭിപ്രായപ്പെടുന്നത്. രുചിയുടെ വകഭേദം കാരണം ആരും ഒന്ന് ടേസ്റ്റ് ചെയ്തുപോവും. വൃത്തിയുടെ കാര്യത്തില്‍ നിര്‍മ്മാണത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതിന്‍റെ മേന്മ നാവില്‍ തൊടുന്ന അച്ചാറിലുമുണ്ടെന്ന് ആളുകൾ പറയുന്നത്.

എന്നാല്‍, പലപ്പോഴും തയ്യാറാക്കി വച്ച അച്ചാറുകൾ വിൽപന നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ് ദമ്പതികളുള്ളത്. അച്ചാർ ഉണ്ടാക്കി വിൽക്കുന്നത് അവസാനിപ്പിക്കാന്‍ പോലും ആലോചിച്ചിട്ടുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. ആറു ദിവസവും തോട്ടത്തില്‍ പോകുന്ന ഭാര്യയ്ക്കോ ഒറ്റക്ക് നൂറു മീറ്ററിലധികം നടക്കാനാവാത്ത തനിക്കോ ഉത്പ്പന്നങ്ങള്‍ മൂന്നാര്‍ ടൗണില്‍ പോലും കൊണ്ടുപോയി വില്‍ക്കാനാവാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ഗണേഷന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഉപ്പിലിട്ടതുപോലെ പലതും ഇരിക്കുകയാണെന്നും ​ഗണേഷൻ കൂട്ടിച്ചേർത്തു.

ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്ന വലിയ ആഗ്രഹങ്ങളും ചെറിയ സ്വപ്നങ്ങളുമായി ഗൂഡാര്‍വിളയിലെ ആ ഒറ്റമുറി വീട്ടില്‍ കഴിയുകയാണ് ഇവര്‍. നാളിതുവരെ ഒരു സഹായങ്ങളും കിട്ടിയിട്ടില്ല. ​ഗണേഷന്റെ ചികിത്സ ചെലവും മകളുടെ പഠന ചെലവും താങ്ങാനാകുന്നതിലും അധികമാണെന്നും ചന്ദ്രയും പറയുന്നു.