വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും
ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ അൻഷാദിനെ ( 27 ) കൊലപ്പെടുത്തിയ കേസിൽ ആണ് പ്രതിയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തോപ്പിൽ സുധീറിനെ (46 ) കുറ്റക്കാരനെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി - 3 ജഡ്ജ് പി എൻ സീത കണ്ടെത്തിയത് .
2012 ഓഗസ്റ്റ് 24-നായിരുന്നു സംഭവം . സുധീറിന്റെ വീട്ടിലേക്കുള്ള വഴി ആരോ തടസപ്പെടുത്തി ബൈക്ക് വെച്ചു . ഇതിനെ തുടർന്ന് സുധീർ , അൻഷാദും ബന്ധുവായ സുനീറുമായി വാക്ക് തർക്കം ഉണ്ടായി. ഇത് പറഞ്ഞു തീർക്കാനായി അൻഷാദും സുനീറും സുധീറിന്റെ വീട്ടിലെത്തിയപ്പോൾ വാക്ക് തർക്കത്തെ തുടർന്ന് കത്തി ഉപയോഗിച്ച് സുധീർ ഇരുവരെയും കുത്തുകയായിരുന്നു.
ഗുരുതമായി പരിക്കേറ്റ അൻഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന് തന്നെ മരിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ് . പുന്നപ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു . 23 രേഖകളും 8 തൊണ്ടി സാധനങ്ങളും തെളിവാക്കി . പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി പി ഗീത ഹാജരായി .
