തങ്ങള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്നും ഒറ്റക്ക് പോകാന്‍ അനുവദിക്കണമെന്നും യുവതികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കോടതി യുവതികളുടെ വാദം അംഗീകരിച്ചില്ല.
ഇടുക്കി: വീട് വിട്ട് തമിഴ്നാട്ടിലേക്ക് പോകുന്ന പെണ്‍കുട്ടികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ഒരാഴ്ച മുന്‍പ് കാണാതായ പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച കേസിനിടെയാണ് വീട് വിട്ട് പോകുന്ന പെണ്‍കുട്ടികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രശ്‌നം ഗൗരവതരമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇതില്‍ വിശദമായ അന്വേഷണം നടത്താന്‍ മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഈ മാസം 6, 8 തീയതികളിലാണ് ലക്ഷ്മി മേഖലയില്‍ നിന്നും 21, 24 വയസ് വീതമുള്ള രണ്ട് യുവതികളെ കാണാതായത്. മാതാപിതാക്കളുടെ പരാതികളെ തുടര്‍ന്ന് മൂന്നാര്‍ എസ് എച്ച് ഓയുടെ നേത്യത്യത്തിലുള്ള ആറംഗ സംഘം ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമിഴ്നാട്ടിലുള്ളതായും ഇവര്‍ തനിച്ച് യാത്ര ചെയ്യുകയാണെന്നും കണ്ടെത്തി. തുടര്‍ന്ന് അന്വേഷണ സംഘം തമിഴ്നാട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഒടുവില്‍ ബുധനാഴ്ച രാത്രിയില്‍ ഒരാളെ കോയമ്പത്തൂര്‍ നിന്നും മറ്റേയാളെ ഹൊസൂരില്‍ നിന്നും പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഇവരെ മൂന്നാറില്‍ എത്തിച്ചു.
ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, തങ്ങള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്നും ഒറ്റക്ക് പോകാന്‍ അനുവദിക്കണമെന്നും യുവതികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കോടതി യുവതികളുടെ വാദം അംഗീകരിച്ചില്ല. ഇരുവരെയും മാതാപിതാക്കള്‍ക്കൊപ്പം അയച്ച ശേഷം, ഇവരുടെ തിരോധാനം സംബന്ധിച്ച് വിശദമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടുകയായിരുന്നു. ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.ബി.ആനന്ദാണ് ഇത് സംബന്ധിച്ച് മൂന്നാര്‍ എസ് എച്ച് ഓ മനേഷ്. കെ. പൗലോസിന് നിര്‍ദേശം നല്‍കിയത്. മൂന്നാറിലെ തോട്ടം മേഖലകളില്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ കാണാതായത് 10 ലധികം പെണ്‍കുട്ടികളെയാണ്. കാണാതായവരില്‍ കൂടുതല്‍ പേരും പോയത് കോയമ്പത്തൂരിലേക്ക്. മൂന്നാറിലെ തോട്ടം മേഖലകളില്‍ നിന്നും ഒരു മാസത്തില്‍ ഒരു പെണ്‍കുട്ടി എന്ന കണക്കില്‍ വീട് വിട്ട് ഇറങ്ങുന്നതായി പൊലീസ് പറയുന്നു. ചിലര്‍ പ്രണയിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ മറ്റ് ചിലര്‍ ജോലി തോടി തമിഴ്‌നാട്ടിലേക്ക് പോകുകയാണ് ചെയ്യുന്നത്.
പത്ത് മാസത്തിനിടെ 10 ലധികം പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്. ഇവരെയെല്ലാം തന്നെ മടക്കി വീട്ടിലെത്തിക്കാന്‍ പൊലീസിന് കഴിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മിക്ക പെണ്‍കുട്ടികളും ജോലി തേടി കൊയമ്പത്തൂരിലേക്ക് പോയെന്നാണ് കോടതിയെ അറിയിച്ചത്. കഴിഞ്ഞ ദിവസം ലക്ഷ്മിയില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികള്‍ വീട്ടില്‍ പോകാന്‍ കഴിയില്ലെന്നും കൊയമ്പത്തൂരിലേക്ക് തിരികെ പോകണമെന്നുമാണ് കോടതിയെ അറിയിച്ചത്. വീട്ടിലേക്ക് തിരികെ പോകാന്‍ പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മടിക്കുന്നുവെന്നതിന്‍റെ ഉത്തരം തേടേണ്ടതുണ്ട്. കൊവിഡിന് ശേഷം തോട്ടം മേഖലകളിലെ സാമ്പത്തികാവസ്ഥ മോശമായതും ജീവിത സാഹചര്യം കൂടുതല്‍ ദുഷ്കരമായതും പെണ്‍കുട്ടികളെ വീട് വിടാന്‍ നിര്‍ബന്ധിക്കുന്നതാണോ, വീടുകളിലെ സാഹചര്യമെന്ത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം തേടേണ്ടതുണ്ട്.
കൂടുതല്‍ വായനയ്ക്ക്: യുവതിയെ കാണാനില്ലെന്ന് പരാതി; മൊഴിയെടുക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി പൊലീസ് മര്‍ദ്ദിച്ചെന്ന് യുവാവ്
