മലപ്പുറം: കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കാതെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് അനുമോദനച്ചടങ്ങ് നടത്തിയത് നഗരസഭാ ആരോഗ്യവിഭാഗമെത്തി തടഞ്ഞു. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം അന്‍പതോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് ഉപഹാരം നല്‍കി അനുമോദിക്കുന്നതായിരുന്നു ചടങ്ങ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് എത്തിയിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ദിലീപ്കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയത്.

പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പി.ആര്‍.ഒ. ഷാജിയുടെ നേതൃത്വത്തില്‍ പൊലീസുമെത്തിയിരുന്നു. വിവരങ്ങള്‍ ശേഖരിച്ച ശേഷം പങ്കെടുത്തവരെ പുറത്താക്കി. തുടര്‍ന്ന് സ്ഥാപനം ആരോഗ്യവിഭാഗം പൂട്ടി. സംഭവുമായി ബന്ധപ്പെട്ട് പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കൊവിഡ് പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.b