കല്‍പ്പറ്റ: കൊവിഡ്-19 രോഗവ്യാപനത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയതോടെ ജില്ലാതിര്‍ത്തികളിലെ ചെക്പോസ്റ്റ് പരിശോധന ഒഴിവാക്കി ജില്ല ഭരണകൂടം ഉത്തരവായി. കോഴിക്കോട്, കണ്ണൂര്‍ ജില്ലാതിര്‍ത്തികളിലെ ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെങ്കിലും ഇതിനുമുമ്പായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശം തേടണം. 

അന്തര്‍സംസ്ഥാന ചെക്പോസ്റ്റുകളായ മുത്തങ്ങ, ബാവലി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെയും തിരികെ വിളിച്ചു. എന്നാല്‍, തഹസില്‍ദാര്‍മാര്‍ ഉദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ച്, ചെക്‌പോസ്റ്റുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒഴികെ മറ്റൊരിടത്തും അധ്യാപകരെ നിയമിക്കേണ്ടതില്ലെന്നാണ് തീരുമാനം. 

തകരപ്പാടി ചെക്പോസ്റ്റില്‍ പൊലീസ്, ആരോഗ്യവകുപ്പ് പരിശോധനകള്‍ തുടരും. അതേസമയം വാഹനപരിശോധനയ്ക്കായി മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കും. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ളയില്‍ തുടരണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.