Asianet News MalayalamAsianet News Malayalam

പാലക്കാട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നും ദുബായിൽ നിന്നും വന്ന 2 പേർക്ക്

പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  മലപ്പുറം സ്വദേശി ഉൾപ്പെടെ ഒൻപതായി. ഇവർക്ക് പുറമെ  ദമാമിൽ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശി കളമശ്ശേരി മെഡിക്കൽ കോളെജിൽ ചികിത്സയിൽ ഉണ്ട്.

covid 19 new positive cases in palakkad as on 16 may 2020
Author
Palakkad, First Published May 16, 2020, 7:03 PM IST

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് (16 മെയ് ശനിയാഴ്ച) ചെന്നൈയിൽ നിന്ന് വന്ന വ്യാപാരിക്കും ഒരു പ്രവാസിക്കുമാണ്. ചെന്നൈയിൽ നിന്നു വന്ന കാരാകുറുശ്ശി സ്വദേശി (49), ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി വന്ന പട്ടാമ്പി സ്വദേശി(43) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ഡിഎംഒ അറിയിച്ചു.  

രോഗം സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി ചെന്നൈയിൽ ജ്യൂസ് കട നടത്തുകയാണ്. ഇദ്ദേഹം പതിനൊന്ന് പേരടങ്ങുന്ന സംഘത്തോടൊപ്പം ഒരു ടെമ്പോ ട്രാവലറിൽ യാത്രാ പാസ് സഹിതം മെയ് എട്ടിന് രാവിലെ 9 മണിക്ക് വാളയാർ ചെക്പോസ്റ്റിൽ എത്തി. വിവിധ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട്  ഉച്ചയ്ക്ക് ഒന്നര വരെ അതിർത്തിയിൽ ചിലവഴിച്ചിരുന്നു. തുടർന്ന് ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക രജിസ്ട്രേഷൻ കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്ത ശേഷം വീട്ടിൽ നിരീക്ഷണത്തിൽ പോവുകയാണുണ്ടായത്. ഇക്കഴിഞ്ഞ മെയ് 14-ന്  മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തി സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. തുടർന്ന് വീണ്ടും വീട്ടിൽ നിരീക്ഷണത്തിൽ തുടരവെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംഘത്തിലുള്ള മറ്റുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്. 

മെയ് ഏഴിന് ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി വന്ന പട്ടാമ്പി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇദ്ദേഹം IX 344 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം  ടാക്സിയിൽ നേരിട്ട് പട്ടാമ്പിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു. മെയ് അഞ്ചിന് ഇദ്ദേഹത്തിന്‍റെ അമ്മ മരിച്ചിരുന്നു. ഇതേത്തുടർന്നാണ് നാട്ടിൽ എത്തിയത്. മെയ് 8 മുതൽ മുതൽ 13 വരെ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടർന്നു. പതിനാലിന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തി സ്രവം പരിശോധനയ്ക്ക് നൽകുകയും വീണ്ടും വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയും ചെയ്തു.

ഇതോടെ പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  മലപ്പുറം സ്വദേശി ഉൾപ്പെടെ ഒൻപതായി. ഇവർക്ക് പുറമെ  ദമാമിൽ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

Follow Us:
Download App:
  • android
  • ios