ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തംഗത്തിനും അടുത്ത ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ വനിതാ അംഗത്തിനും മകനും ഉള്‍പ്പെടെ മൂന്നു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഏതാനും ദിവസം മുമ്പ് പഞ്ചായത്തംഗത്തിന്റെ അടുത്ത ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരെ പരിശോധനക്ക് വിധേയമാക്കിയത്. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നപ്പോഴാണ് പോസിറ്റീവായത്. 

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ സമൂഹ അടുക്കള നടത്തിവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവിടം സന്ദര്‍ശിച്ചവരും തെക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാരുമടക്കം 30 ഓളം പേര്‍  ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.