തിരുവനന്തപുരം: മാസ്കിന് നോ പറഞ്ഞ് വിഴിഞ്ഞം അടിമലതുറ ജനത. ഒരിടവേളയ്ക്ക് ശേഷം അടിമലതുറയിൽ വീണ്ടും കൊവിഡ്‌ രോഗികൾ വര്‍ദ്ധിക്കുന്നു. കൊവിഡ്‌ പകർച്ച ഭീഷണിയിലുള്ള അടിമലത്തുറയിൽ സാമൂഹിക അകലത്തിനും മാസ്‌കിനും ഇടമില്ല, മിക്കയാളുകളും മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പരസ്പരം ഇടപഴകുന്നത് എന്നത് ആശങ്ക ഉയർത്തുകയാണ്.  

നഗ്നമായ നിയമ ലംഘനം നടക്കുമ്പോഴും ഇവർക്ക് അവബോധം നൽകാനോ നടപടി സ്വീകരിക്കാനോ വിഴിഞ്ഞം പൊലീസും ആരോഗ്യവകുപ്പ് അധികൃതരും തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം. മിക്കയിടത്തും മാസ്‌കിന്റെ നിലവാരം നോക്കി പെറ്റി അടിക്കുന്ന പൊലീസ് പക്ഷെ തീരദേശത്തേക്ക് തിരിഞ്ഞു നോക്കാൻ പോലും തയ്യാറാകാത്തത്‌ കടുത്ത ആക്ഷേപങ്ങൾക്ക് വഴിയൊരുക്കുകയാണ്.

മറ്റുള്ള സ്ഥലങ്ങളിൽ ഉള്ളത് പോലെ പൊലീസ് പട്രോളിംഗ് നടത്താത്തതും നാട്ടുകാർക്ക് ഇടയിൽ മാസ്‌ക് ധരിക്കുന്നത് ഉൾപ്പടെയുള്ള കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ അവബോധം ഉണ്ടാക്കാൻ ശ്രമിക്കാത്തതും ഗുരുതര പിഴവയി ചൂണ്ടികാട്ടുകയാണ്. കഴിഞ്ഞ ദിവസം മരിച്ച അടിമലതുറ സ്വദേശി ജെറാൾഡിന്(29) മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ അടിമലതുറയിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയില്‍  10 പേർ കൊവിഡ്‌ പൊസിറ്റിവ് ആണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ വീണ്ടും ആശങ്ക ഉയരുകയാണ്. ഇന്ന് അടിമലതുറയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലായെന്നും പങ്കെടുത്തവരിൽ ഭൂരിഭാഗം ആളുകൾ മാസ്‌ക് ധരിച്ചിരുന്നില്ല എന്ന ആരോപണവും കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുകയാണ്.