കോഴിക്കോട്: മലയാളക്കരയുടെ മരുമകളാകാന്‍ മോഹിച്ച് കടല്‍ കടന്നെത്തിയ യുവതിക്ക് ഒടുവില്‍ മാംഗല്യം. കൊവിഡ് 19 വ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണാണ് ഫിലിപ്പിന്‍സ് സ്വദേശി മിര്‍നയുടെ വിവാഹ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയത്.  മിർനയും കോഴിക്കോട് സ്വദേശി അരുണ്‍ കൃഷ്ണനുമായുള്ള വിവാഹമാണ് കൊവിഡ് കാരണം നീണ്ട് പോയത്.

ഫേസ്ബുക്ക് ചാറ്റിൽ തുടങ്ങിയ സൗഹൃദം. ആറ് വർഷം നീണ്ട പ്രണയം, ഇതിന് ശേഷമാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് ഇവരെത്തിയത്. ലോകത്തിന്‍റെ രണ്ട് കോണുകളിലിരുന്ന് അവർ ഒരുമിക്കാൻ തീരുമാനിച്ചപ്പോൾ ഇരുവീട്ടുകാർക്കും സമ്മതം. പക്ഷെ കൊവിഡ് വില്ലനായി. കല്യാണത്തിന്‍റെ ഒരുക്കങ്ങൾക്കായി കേരളത്തിലെത്തിയ മിർന കോഴിക്കോട്ട് ലോക്കായി. 

കല്യാണം ആഘോഷമായി നടത്താൻ കാത്തിരുന്നിട്ട് കാര്യമില്ലെന്നായപ്പോൾ നാട്ടിലെ ക്ഷേത്രത്തിൽ വെച്ച് അരുൺ മിർനക്ക് താലി ചാർത്തുകയായിരുന്നു. സ്വപ്നം സഫലമായെങ്കിലും. എങ്കിലും കാത്തിരുന്ന കല്യാണം കൂടാൻ ബന്ധുക്കൾ എത്താത്തതിന്‍റെ വിഷമം ബാക്കിയാണ് മിര്‍നയ്ക്ക്. മിർനയുടെ ബന്ധുക്കൾക്കായി ഫിലിപ്പൈൻ രീതിയിൽ കൂടി ചടങ്ങുകൾ നടത്തണമെന്നുണ്ട്. ഇതിനായി കൊവിഡ് കാലം കഴിയാനുള്ള കാത്തിരിപ്പിലാണ് ഇരുവരും.