കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍നിന്ന് മുത്തങ്ങ ചെക്‌പോസ്റ്റുവഴി അതിര്‍ത്തി കടന്നെത്തിയശേഷം ടൗണുകളിലും മറ്റും ഇടപഴകുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്. അതിര്‍ത്തി കടന്നെത്തി കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 25 പേരെ സുല്‍ത്താന്‍ബത്തേരി പൊലീസ് അറസ്റ്റുചെയ്തു. പത്ത് ഡ്രൈവര്‍മാരെയും 15 യാത്രക്കാരെയുമാണ് അറസ്റ്റുചെയ്തത്. 

നിര്‍ദേശങ്ങള്‍ ലംഘിച്ച് ടൗണിലിറങ്ങി നടന്നതിനും കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങിയതിനുമാണ് കേസെടുത്തത്. മനഃപൂര്‍വം പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിച്ചുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് കേസ്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. 

മുത്തങ്ങ ചെക്‌പോസ്റ്റുവഴി മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ കൊവിഡ് പ്രതിരോധ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ടൗണുകളിലിറങ്ങി ഹോട്ടലുകളിലും കടകളിലുമൊക്കെ കയറിയിറങ്ങുന്നത് ചിത്രം സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നായിരുന്നു പരിശോധന. 

നിലവില്‍ സംസ്ഥാനാതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ തിരിച്ചറിയുന്നതിനായി, ചെക്‌പോസ്റ്റില്‍ വെച്ച് പൊലീസ് 'വഴിക്കണ്ണ്' നോട്ടീസ് വാഹനങ്ങളില്‍ പതിക്കുന്നുണ്ട്. ഇത്തരത്തില്‍ നോട്ടീസ് പതിച്ച വാഹനങ്ങള്‍ തങ്ങളുടെ ലക്ഷ്യങ്ങളില്‍ എത്തിയാല്‍ മാത്രമെ വാഹനങ്ങളില്‍ നിന്ന് ഇറങ്ങാന്‍ പാടുള്ളുവെന്നാണ് നിബന്ധന. 

എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കാതെ ചില യാത്രക്കാര്‍ വഴിയിലിറങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ കര്‍ണാടകയില്‍നിന്ന് മുത്തങ്ങ ചെക് പോസ്റ്റുകടന്ന് കണ്ണൂര്‍ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഭര്‍ത്താവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങിയ കുടുംബം രാവിലെ 11.30ഓടെ ബീനാച്ചിയിലെ ഒരുഹോട്ടലില്‍കയറി ഭക്ഷണം കഴിച്ചിരുന്നു. 

പൊലീസ് പതിച്ച സ്റ്റിക്കറുള്ള കാര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവര്‍മാര്‍, കാറിന്റെ ഡ്രൈവറോട് കാര്യങ്ങള്‍ ചോദിച്ചെങ്കിലും വഴിയിലെവിടെയും നിര്‍ത്തരുതെന്ന കാര്യം അറിയില്ലെന്നായിരുന്നുവെത്രേ പറഞ്ഞത്. രോഗവ്യാപന തോത് കൂടുന്ന പശ്ചാത്തലത്തില്‍ ഇത്തരം നടപടികള്‍ ജനങ്ങളില്‍ ആശങ്ക നിറക്കുന്നതാണ്. പ്രത്യേകിച്ചും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്ന നിരവധിപേര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍. 

യാത്രക്കാര്‍ക്ക് പോകേണ്ട ജില്ല തിരിച്ചറിയുന്നതരത്തില്‍ വ്യത്യസ്തനിറങ്ങളിലുള്ള നോട്ടീസുകളാണ് വാഹനങ്ങളില്‍ പതിക്കുന്നത്. കല്ലൂര്‍ 67ലെ ഫെസിലിറ്റേഷന്‍ സെന്ററിലെ പരിശോധനാനടപടികള്‍ പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ചാല്‍ ഈ വാഹനങ്ങള്‍ വഴിയിലെവിടെയും നിര്‍ത്തരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

യാത്രക്കാര്‍ നേരെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററിലേക്കോ, ഹോം ക്വാറന്റീനിലേക്കോ പോകണം. നോട്ടീസ് പതിച്ച വാഹനങ്ങള്‍ പൊതുയിടങ്ങളിലോ മറ്റോ നിര്‍ത്തിയിട്ടതായി കണ്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് നിര്‍ദേശമുണ്ട്. അപൂര്‍വ്വം ചിലര്‍ യാത്രാമേധ്യേ പൊലീസ് പതിച്ച നോട്ടീസ് പറിച്ചുകളയുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.