കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഏഴ് പ്രദേശങ്ങളെ കണ്ടൈൻമെന്റ് സോണില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്റ്റര്‍ സാംബശിവറാവു ഉത്തരവിട്ടു. 

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 2 - ചെട്ടികുളം, വാര്‍ഡ് 27 - പുതിയറ,  വാര്‍ഡ് 38 - മീഞ്ചന്ത, ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 - മാടാക്കര, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 - മുതുവണ്ണാച്ച, വാര്‍ഡ് 19 - കുനിയോട്, ചോറോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 - വൈക്കിലശ്ശേരി എന്നിവയെയാണ് കണ്ടൈൻമെന്റ് സോണില്‍ നിന്ന് റദ്ദാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്റ്റര്‍ ഉത്തരവിട്ടത്.

കൊവിഡ് 19 സ്ഥീരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു ഈ പ്രദേശങ്ങളെ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഇല്ലാത്തതിനാലും രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് പരിശാധന പൂര്‍ത്തിയായ സാഹചര്യത്തിലുമാണ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച ഉത്തരവ്  റദ്ദ് ചെയ്യുന്നത്. പ്രദേശങ്ങളെ കണ്ടൈൻമെന്റ് സോണില്‍ നിന്ന് റദ്ദാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്റ്റര്‍ ആണ് ഉത്തരവിട്ടത്.