കൊവിഡ് വ്യാപനം രൂക്ഷമായതോടെ തോട്ടം മേഖലയും കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും അതീവജാഗ്രതയിലാണുള്ളത്. കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം ഉയരുന്നതോടെ ആരോഗ്യവകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. 

ഇടുക്കി: തോട്ടം മേഖലയിലും അതിര്‍ത്തി ഗ്രാമങ്ങളിലും പിടിമുറുക്കി കൊവിഡ്. തോട്ടം മേഖയിലെ മൂന്ന് പഞ്ചായത്തുകളിലെ രോഗിബാധിതരുടെ എണ്ണം 700 കടന്നു. ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ സംഖ്യ 9 ആയി. 

ജാഗ്രതയും കടുത്ത നിയന്ത്രണങ്ങളുമായി ഉദ്യോഗസ്ഥര്‍

കൊവിഡ് വ്യാപനം രൂക്ഷമായതോടെ തോട്ടം മേഖലയും കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും അതീവജാഗ്രതയിലാണുള്ളത്. കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം ഉയരുന്നതോടെ ആരോഗ്യവകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. തോട്ടം മേഖലയിലെ മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍ എന്നീ പഞ്ചായത്തുകളിലെ രോഗബാധിതരുടെ എണ്ണം 700 കവിഞ്ഞു. ഈ മൂന്നു പഞ്ചായത്തുകളിലും കൂടി 772 പേരിലാണ് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയിട്ടുള്ളത്.

മൂന്നാറില്‍ ഇതുവരെ 244 കൊവിഡ് ബാധിതരാണുള്ളത്. ദേവികുളത്ത് 132 ഉം, പള്ളിവാസലില്‍ 396 രോഗികളുമാണുള്ളത്. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പള്ളിവാസല്‍ പഞ്ചായത്തിന് കീഴിലുള്ള ചിത്തിരപുരം, കല്ലാര്‍ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. മൂന്നാര്‍ പഞ്ചായത്തിലെ എസ്റ്റേറ്റു പ്രദേശങ്ങളിള്‍ തീവ്രവ്യാപനത്തിനുള്ള സാധ്യതയേറിയതോടെ ആരോഗ്യവകുപ്പിന്റെയും തദ്ദേശഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ നടപടികള്‍ കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒമ്പത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദേവികുളത്ത് 4 പേരും മൂന്നാറില്‍ മൂന്നു പേരും, പള്ളവാസല്‍, വട്ടവട എന്നീ പഞ്ചായത്തുകളില്‍ ഓരോ ആളുമാണ് മരണമടഞ്ഞത്.

നിലവില്‍ മൂന്നാര്‍ പഞ്ചായത്തില്‍ 3,4,7 വാര്‍ഡുകളും പള്ളിവാസല്‍ പഞ്ചായത്തിലെ ആത്തുക്കാട്, പവ്വര്‍ഹൗസ് എന്നീ വാര്‍ഡുകളും, ദേവികുളത്ത് 7,8,11 എന്നീ വാര്‍ഡുകളും ആണ് കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ളത്. അതിര്‍ത്തി ഗ്രാമമായ വട്ടവടയില്‍ ഇതുവരെ 94 പേരാണ് കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായി പടരുന്ന സാഹചര്യമുണ്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചു വരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona