കൊവിഡ് അടച്ചുപൂട്ടലോടെ വിനോദ സഞ്ചാരമേഖല നിശ്ചലമായതോടെ മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ മോഷണം നടക്കുന്നതായി പരാതി

ഇടുക്കി: കൊവിഡ് അടച്ചുപൂട്ടലോടെ വിനോദ സഞ്ചാരമേഖല നിശ്ചലമായതോടെ മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ മോഷണം നടക്കുന്നതായി പരാതി. പടുതയും മറ്റും ഉപയോഗിച്ച് താല്‍ക്കാലികമായി നിര്‍മ്മിച്ചിരിക്കുന്ന ഈ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് വലിയ പൂട്ടോ ഉറപ്പോ ഒന്നുമില്ല. ഇത്തരം ഇടങ്ങളിൽ ആളൊഴിഞ്ഞ സമയം നോക്കി രാത്രികാലത്ത് മോഷണം നടത്തുവെന്നാണ് പരാതി.

കൊവിഡ് ആശങ്കയില്‍ മൂന്നാറിന്റെ വിനോദ സഞ്ചാരമേഖല നിശ്ചലമാണ്. വഴിയോരകച്ചവടക്കാര്‍ ഉള്‍പ്പെടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇിതനിടെയാണ് മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ രാത്രികാലത്ത് മോഷണം നടക്കുന്നതായുള്ള പരാതി ഉയരുന്നത്.

കഴിഞ്ഞ ദിവസം കുണ്ടള അണക്കെട്ടിന് സമീപം പ്രവര്‍ത്തിക്കുന്ന ഒരു വില്‍പ്പന കേന്ദ്രത്തില്‍ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പടുതയും മറ്റും ഉപയോഗിച്ച് താല്‍ക്കാലികമായി നിര്‍മ്മിച്ചിരിക്കുന്ന ഈ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് വലിയ പൂട്ടോ ഉറപ്പോ ഒന്നുമില്ല. 

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാവും പകലും കേന്ദ്രങ്ങള്‍ വിജനമാണെന്നിരിക്കെ രാത്രികാലത്ത് മോഷണം നടത്തുവെന്നാണ് പരാതി. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തും വ്യാപാരികളുടെ ഭാഗത്തു നിന്നും സമാന പരാതികള്‍ ഉയര്‍ന്നിരുന്നു.പ്രദേശങ്ങളില്‍ പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കി മോഷ്ടാക്കളുടെ ശല്യം ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona