കഴിഞ്ഞ 18 മാസത്തിലേറെയായി കൃഷ്ണപ്രസാദ് കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഈ സമൂഹാവബോധ സോഷ്യൽ മീഡിയാ കാംപയിൻ 600 ദിവസത്തിലേക്ക് കടക്കുകയാണ്

പാലക്കാട്: കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരെ കുഴപ്പിച്ച സംഗതിയാണ് വിവരശേഖരണം. എന്നാൽ കൊവിഡ് (Covid) കണക്കുകൾ കൃത്യമായി, ഒന്നും വിട്ടുപോകാതെ സൂക്ഷിച്ച് വയ്ക്കുകയും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കുകയുമാണ് പാലക്കാട് (Palakkad) പഴമ്പാലക്കോട് സാമൂഹ്യാരോഗ്യകേന്ദത്തിൽ ക്ലർക്കായ കൃഷ്ണപ്രസാദ് (Krishnaprasad). 

കഴിഞ്ഞ 18 മാസത്തിലേറെയായി കൃഷ്ണപ്രസാദ് കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഈ സമൂഹാവബോധ സോഷ്യൽ മീഡിയാ കാംപയിൻ 600 ദിവസത്തിലേക്ക് കടക്കുകയാണ്. ''ഒന്നര വർഷം മുൻപ് ഒരു സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ക്ലർക്കായിരുന്ന ഞാനിപ്പോൾ കോവിഡ് ഡാറ്റാ വിദഗ്ധനായി ദേശീയ മാധ്യമങ്ങളിലടക്കം പരാമർശിക്കപ്പെടുന്നത് സത്യം പറഞ്ഞാൽ എൻ്റെ സ്വപ്നങ്ങളുടെ വിദൂര കോണുകളിൽപ്പോലുമുണ്ടായിരുന്നില്ല'' എന്ന് കൃഷ്ണപ്രസാദ് പറഞ്ഞു. 

ഇംഗ്ലീഷ് മാധ്യമങ്ങളടക്കം കൃഷ്ണപ്രസാദ് ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ ലക്കിടി വടക്കുമംഗലം സ്വദേശിയാണ്. 13 വർഷമായി ഒരു മൾട്ടി നാഷണൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയിൽ ജോലി ചെയ്തു വരികെ 2017 ലാണ് പിഎസ്സി വഴി ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. 

കൊവിഡ് ബാധിച്ചവരുടെ സംസ്ഥാനം, ജില്ല തിരിച്ചുള്ള കണക്ക്, മരണനിരക്ക്, വാക്സിൻ എടുത്തവരുടെ എണ്ണം തുടങ്ങി ലോകരാജ്യങ്ങളിലെ കൊവിഡ് കണക്കുകളും വാക്സിനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളുമടക്കം കൃഷ്ണപ്രസാദിന്റെ ശേഖരത്തിലുണ്ട്. സംസ്ഥാനങ്ങളിലെ മരണങ്ങളുടെ വയസ്സ് തിരിച്ചുള്ള പട്ടികയും കൃഷ്ണപ്രസാദ് സ്വന്തമായി തയ്യാറാക്കിയിട്ടുണ്ട്. 

പാലക്കാട്‌ ജില്ലാ കോവിഡ്‌ വിശദാംശങ്ങള്‍, സംസ്‌ഥാന വിശദാംശങ്ങള്‍, രാജ്യത്തെ സ്‌ഥിതി വിശേഷം, വാക്‌സിന്‍ കവറേജ്‌, വാക്‌സിനുകളുടെ ലഭ്യത, കേരളത്തിലെ മരണസംഖ്യയുടെ 0 -10, 10-20 തുടങ്ങി 100 വരെയുള്ള ആദ്യ വേവ്‌, രണ്ടാം വേവ്‌ എന്നിങ്ങനെ തിരിച്ചുള്ള വിവരങ്ങള്‍, ജില്ല തിരിച്ചുള്ള മരണസംഖ്യ തുടങ്ങി 25 മുതല്‍ 35 വരെ പോസ്‌റ്റുകളാണ്‌ ദിവസവും കൃഷ്‌ണപ്രസാദ്‌ നൽകാറുള്ളത്. മിക്ക ടേബിളുകളും ചാര്‍ട്ടുകളും കൃഷ്‌ണപ്രസാദ്‌ സ്വന്തമായി തയ്യാറാക്കുന്നതാണ്. മിക്ക പോസ്റ്റുകളും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യും. 

ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലും ഏഷ്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡിലും കൃഷ്ണപ്രസാദ് ഇടംനേടി. സമൂഹമാധ്യമങ്ങളിലൂടെ, ഫെയ്‌സ്ബുക്കിലൂടെ ഏറ്റവും നീണ്ട കാലം കൊവിഡുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ പങ്കുവെച്ചതിനുള്ള റെക്കോര്‍ഡ്‌ ഇപ്പോൾ കൃഷ്ണദാസിന്റെ പേരിലാണ്. ജോലിക്കിടയിലും ശ്രമകരമായ ഈ ദൌത്യത്തിന് കൃഷ്ണപ്രദാസിന് സഹായം അധ്യാപികയായ ഭാര്യ ആശയും നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ശ്രീനന്ദുമാണ്.