പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി ആദ്യ ഡോസ് വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കാണ് അഞ്ച് ദിവസങ്ങളിലായി വാക്‌സിന്‍ നല്‍കുന്നത്. 

കല്‍പ്പറ്റ: ആരോഗ്യ, ടൂറിസം വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ടൂറിസം കേന്ദ്രങ്ങളിലെ സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം വൈത്തിരി പഞ്ചായത്തില്‍ തുടരുകയാണ്. വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതോടെ മുഴുവനാളുകളും വാക്‌സിന്‍ സ്വീകരിച്ച പഞ്ചായത്തായി വൈത്തിരി മാറും. കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് ആണ് വാക്‌സിനേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 

കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുകയാണ് സമ്പൂര്‍ണവാക്‌സിനേഷന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി ആദ്യ ഡോസ് വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കാണ് അഞ്ച് ദിവസങ്ങളിലായി വാക്‌സിന്‍ നല്‍കുന്നത്. ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂള്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍ എന്നീ രണ്ട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. 

ഇതുവരെ 4837 പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ ലഭ്യമാക്കിയതായും മുഴുവനാളുകള്‍ക്കും ഡോസ് ലഭിക്കുന്നത് വരെ ക്യാമ്പ് തുടരുമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് ഫോര്‍ യൂ വിന്റെ കൂടി സഹകരണത്തോടെയാണ് സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരും സ്റ്റാഫുമടങ്ങുന്ന മൂന്ന് മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകളാണ് ക്യാമ്പിലേക്ക് അനുവദിച്ചിട്ടുള്ളത്. 

പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ സന്നദ്ധ പ്രവര്‍ത്തകരും സേവന രംഗത്തുണ്ട്. കൊവിഡിന് ശേഷം ഏറ്റവുമധികം തളര്‍ന്നുപോയ വ്യവസായങ്ങളിലൊന്നാണ് ടൂറിസം. സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഈ മേഖല പാടെ നിശ്ചലമായി കിടക്കുകയാണ്. പുനരുജ്ജീവന പദ്ധതികളുടെ ആദ്യഘട്ടമെന്നോണമാണ് ടൂറിസം കേന്ദ്രങ്ങളെ പൂര്‍ണമായി കോവിഡ് വാക്‌സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

സര്‍ക്കാര്‍-സ്വകാര്യ ടൂറിസം കേന്ദ്രങ്ങളിലായി തൊഴിലെടുത്ത് വന്നിരുന്ന നിരവധി പേര്‍ക്കാണ് കൊവിഡിന്റെ വരവോടെ ഉപജീവനമാര്‍ഗം നഷ്ടമായത്. അതേ സമയം കൊവിഡ് മൂന്നാംതരംഗത്തെ പ്രതീക്ഷിക്കുകയാണ് സംസ്ഥാനം. ഇക്കാരണത്താല്‍ തന്നെ ഇപ്പോഴത്തെ കൂട്ട വാക്‌സിനേഷന്‍ ഫലം ചെയ്യുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona