കല്‍പ്പറ്റ: വയനാട്ടില്‍ ഇതുവരെ 194 ആദിവാസികള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. മീനങ്ങാടി (30), തവിഞ്ഞാല്‍ (26), നെന്മേനി (16), വെങ്ങപ്പള്ളി (15), മുട്ടില്‍, പനമരം (13 വീതം),  ബത്തേരി (11) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 6116 ആണ്. 

ദശലക്ഷം ജനസംഖ്യയ്ക്ക് 7400.24 എന്ന നിരക്കിലാണ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍, സംസ്ഥാനതലത്തിലെ കേസ് ഒരു മില്യണ്‍ എന്നതിന് 10,301.51 ആണ്. ജില്ലയില്‍ ദശലക്ഷം പേര്‍ക്ക് 1,51,554.47 എന്ന തോതില്‍ പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനതലത്തില്‍ ഇത് ഒരു മില്യണ്‍ നിരക്ക് 1,16,491 ആണ്. ഇതുവരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ജില്ലയിലേത് 100 പേര്‍ക്ക് 4.88 ആണെങ്കില്‍ സംസ്ഥാനതലത്തില്‍ 8.84 ആണ്. അതേസമയം അവസാന ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.51 ആയി ഉയര്‍ന്നു. (സംസ്ഥാനതലം 14.2).

ഇന്നലെ വരെ 36,296 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളും 965 ട്രൂനാറ്റ് ടെസ്റ്റുകളും 86,572 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളുമാണ് നടത്തിയത്. ആകെ പരിശോധനകള്‍ 1,23,833. ആര്‍.ടി.പി.സി.ആറിന്റെ 7.92 ഉം ട്രൂനാറ്റിന്റെ 5.7 ഉം ആന്റിജന്‍ ടെസ്റ്റിന്റെ 3.49 ഉം ശതമാനമാണ് പോസിറ്റീവായത്. ശരാശരി പോസിറ്റീവിറ്റി നിരക്ക് 4.81. ചികിത്സയിലിരിക്കെ ജില്ലയിലെ ആകെ മരണം 41 ആണ്. ഇവരില്‍ രണ്ട് തമിഴ്നാട് സ്വദേശികളും  ഒരു കര്‍ണാടക സ്വദേശിയും ഉള്‍പ്പെടും. ആദിവാസി വിഭാഗത്തില്‍ നിന്ന് മരിച്ചവര്‍ ഒമ്പതാണ്. എന്നാല്‍ ഇവയില്‍ എല്ലാ മരണങ്ങളും കോവിഡ് മരണമായി സ്ഥിരീകരിച്ചവയല്ലെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്.