ഒരു വയസ്സായപ്പോഴേക്കും കറക്കാൻ തുടങ്ങി. ആദ്യം ഒരു ഗ്ലാസ്, പിന്നീട് രണ്ട് ഗ്ലാസ്, ഇപ്പോള്‍ ഒരു ലിറ്ററിലേറെ പാൽ ഒരു നേരം കിട്ടുന്നുണ്ടെന്ന് ശുഭ
പാലക്കാട്: പശു പ്രസവിക്കും, അതിനു ശേഷം പാല് തരും എന്നതാണ് നാട്ടുനടപ്പ്. പക്ഷെ, പ്രസവിക്കാത്ത പശു പാലുതന്നാലോ? അങ്ങനെയൊരു പശുവുണ്ട് പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ. അതിനൊരു കാരണവുമുണ്ട്.
25 വർഷമായി ശുഭ പശുക്കളെ വളർത്തുന്നു. തൊഴുത്തിലെപ്പോഴും അഞ്ചും ആറും പശുക്കളുണ്ടാകും. പക്ഷെ ഇങ്ങനെ ഒരു സംഭവം ആദ്യമാണ്. ശുഭയുടെ നന്ദിനിക്ക് കഴിഞ്ഞ മേടത്തിൽ ഒരു വയസ് തികഞ്ഞതേയുള്ളു. കുത്തിവെയ്പ്പ് എടുക്കാൻ ഇനിയും കഴിയും. പെട്ടെന്നൊരു ദിവസം നന്ദിനി പാൽ ചുരത്തുന്നത് കണ്ടു. ഏപ്രിൽ 15നായിരുന്നു അത്.
ഡോക്ടറെ വിളിച്ചുകൊണ്ടുവന്ന് കാണിച്ചപ്പോള്‍ കുഴപ്പമില്ല, പാൽ കറക്കാമെന്ന് പറഞ്ഞു. അങ്ങനെ ഒരു വയസ്സായപ്പോഴേക്കും കറക്കാൻ തുടങ്ങി. ആദ്യം ഒരു ഗ്ലാസ്, പിന്നീട് രണ്ട് ഗ്ലാസ്, ഇപ്പോള്‍ ഒരു ലിറ്ററിലേറെ പാൽ ഒരു നേരം കിട്ടുന്നുണ്ടെന്ന് ശുഭ പറഞ്ഞു. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടായിരിക്കാം ഇങ്ങനെ വന്നതെന്ന് ശുഭ പറയുന്നു. സാധാരണ നാല് വർഷമെങ്കിലുമാകും പശു പ്രസവിക്കാൻ. നന്ദിനി ഒരു വയസ്സിലേ തന്നെ പ്രസവിക്കാതെ പാൽ തരുന്നത് അതിശയമായി തോന്നുന്നുവെന്ന് ശുഭ പറയുന്നു.
ഹോർമോണിലെ വ്യത്യാസമാണ് പ്രസവിക്കാത്ത പശു പാൽ തരാൻ കാരണമെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. അപൂർവ്വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂവെന്നും ഡോക്ടർമാർ പറഞ്ഞു.
പശുവിനെ വിറ്റ് കലോത്സവത്തിനെത്തി; കൃഷ്ണപ്രിയക്ക് പകരം പശുവിനെ നൽകി മൃഗസംരക്ഷണ വകുപ്പ്

