വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ക്ക് കൃഷി ആരംഭിക്കുന്ന ഘട്ടത്തില്‍ വിത്ത് വാങ്ങുന്നതിന് ആര്‍ കെ വി വൈ പദ്ധതി പ്രകാരം  സര്‍ക്കാര്‍ സബ്സീഡിയായി ഇത്തവണയും ഒരുകോടി നാല്‍പ്പത്തിയേഴ് ലക്ഷം രൂപ അനുവധിച്ചിരുന്നു. 

മൂന്നാർ: വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ കെ വി വൈ പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതി ആരോപണം. കര്‍ഷകര്‍ക്കുള്ള വിത്ത് വിതരണത്തിന്‍റെ പേരില്‍ നാല്‍പ്പത്തിയേഴുലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് സി പി ഐ എം ആരോപിക്കുന്നത്. ബാങ്ക് അക്കൗണ്ടിലെത്തിയ കര്‍ഷകരുടെ സബ്സിഡി തുക തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥരടക്കം നീക്കം നടത്തുകയും ചെയ്തു.

വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ക്ക് കൃഷി ആരംഭിക്കുന്ന ഘട്ടത്തില്‍ വിത്ത് വാങ്ങുന്നതിന് ആര്‍ കെ വി വൈ പദ്ധതി പ്രകാരം സര്‍ക്കാര്‍ സബ്സീഡിയായി ഇത്തവണയും ഒരുകോടി നാല്‍പ്പത്തിയേഴ് ലക്ഷം രൂപ അനുവധിച്ചിരുന്നു. കര്‍ഷകര്‍ നേരിട്ട് വിത്തുവാങ്ങി കൃഷിയിറക്കിയാല്‍ സ്ഥലം സന്ദർശനം നടത്തി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെട്ടതിനുശേഷം കര്‍ഷകരുടെ അക്കൗണ്‍ പണം നല്‍കും. കൂടാതെ വിത്ത് വാങ്ങിയതന്‍റെ ബില്ല് ഹാജരാക്കിയാലും സബ്സീഡി നല്‍കണം. കര്‍ഷകരുടെ ആവശ്യപ്രകാരം അത്യുല്‍പ്പാദന ശേഷിയുള്ള വിത്തുകള്‍ കൃഷിഭവന് വിതരണം നടത്തുകയും ചെയ്യാം. 

എന്നാല്‍ വട്ടവടയിലെ കര്‍ഷകര്‍ നിലവില്‍ കൃഷി ആരംഭിച്ച ഘട്ടത്തില്‍ കൃഷിവകുപ്പ് സ്വകാര്യ കമ്പനിയില്‍ നിന്നും വിത്ത് ഇറക്കി വിതരണത്തിനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വിത്ത് വേണ്ടെന്നും കൃഷി ആരംഭിച്ച സാഹചര്യത്തില്‍ സബ്സീഡി തുക മതിയെന്നുമാണ് കര്‍ഷകരുടെ ആവശ്യം. സര്‍ക്കാര്‍ അനുവധിച്ച ഒരു കോടി നാല്‍പ്പത്തിയേഴുലക്ഷം രൂപയില്‍ നാല്‍പ്പത്തിയേഴ് ലക്ഷം രൂപ നിലവിൽ കർഷകരുടെ അക്കൗണ്ടിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും തടഞ്ഞുവെച്ചതായി സി പി ഐ എം ആരോപിക്കുന്നു. 

പ്രശ്നത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയതായി മുൻപഞ്ചായത്ത് പ്രസിഡന്‍റ് രാമരാജ് പറഞ്ഞു. എന്നാല്‍ കർഷകരുടെ അ്ക്കൗണ്ടില്‍ എത്തിയ പണം തടഞ്ഞുവെച്ചിട്ടില്ലെന്നും കര്‍ഷകരുടെ സമ്മതത്തോടെയാണ് വിത്ത് നല്‍കിയ കമ്പനിക്ക് പണം കൈമാറുന്നതെന്നും വട്ടവട കൃഷി ഓഫീസര്‍ ആര്‍ ബീനയുടെ വാദം. സ്വന്തം പണം നൽകി വിത്തുവാങ്ങി കര്‍ഷകര്‍ കൃഷി ആരംഭിച്ചു. സര്‍ക്കാര്‍ അനുവധിച്ച സബ്സിഡി തുക കർഷകരുടെ അക്കൗണ്ടികളില്‍ എത്തുകയും ചെയ്തു. ഇതിനുശേഷവും സ്വാര്യ കമ്പനിയില്‍ നിന്നും വിത്ത് ഇറക്കുമതി ചെയ്ത് വിതരണം നടത്തുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം വിചിത്രമാണ്.