പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍റെ ശബ്ദ സന്ദേശം രണ്ട് ദിവസം മുമ്പാണ് ഗ്രൂപ്പില്‍ വന്നത്. സ്ത്രീകള്‍ അടക്കമുള്ള പാര്‍ട്ടി അംഗങ്ങളുള്ളതാണ് ഗ്രൂപ്പ്.

കാസര്‍കോട്: സിപിഎം വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് ഉദുമ ഏരിയ കമ്മിറ്റി തീരുമാനം. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍റെ ശബ്ദ സന്ദേശം രണ്ട് ദിവസം മുമ്പാണ് ഗ്രൂപ്പില്‍ വന്നത്. സ്ത്രീകള്‍ അടക്കമുള്ള പാര്‍ട്ടി അംഗങ്ങളുള്ള ഗ്രൂപ്പിലായിരുന്നു സന്ദേശം. സംഭവം വിവാദമായതോടെ സന്ദേശം മാറി അയച്ചതെന്നാണ് രാഘവന്‍റെ വിശദീകരണം. രാഘവനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യമുന്നയിച്ചിരുന്നു. 

രാഘവനെതിരെ കടുത്ത നടപടി വേണ്ടെന്നും സസ്പെൻഷൻ മതിയെന്നും ജില്ലാ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ചിലർ അഭിപ്രായം ഉന്നയിച്ചു. എന്നാൽ പുറത്താക്കണമെന്ന തീരുമാനത്തിനായിരുന്നു മുൻ തൂക്കം. ഇത് ഏരിയാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്നാണ് തീരുമാനം. നേരത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന സമയത്തും സ്വഭാവ ദൂഷ്യത്തിന് രാഘവന്‍ വെളുത്തോളി അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.