Asianet News MalayalamAsianet News Malayalam

'സിപിഎം പ്രാദേശിക നേതാക്കൾ മാനസികമായി പീഡിപ്പിച്ചു', യുവതിയുടെ ആത്മഹത്യാക്കുറിപ്പ്

''സിപിഎം ചെങ്കൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയി എന്നിവരുടെ മാനസികമായ പീഡനം സഹിക്കവയ്യാതെയാണ് ഞാൻ ഈ കടുംകൈ ചെയ്യുന്നത്'', എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

cpim worker woman suicide note alleges harrassment by party local leaders in thiruvananthapuram
Author
Thiruvananthapuram, First Published Sep 11, 2020, 12:42 PM IST

തിരുവനന്തപുരം: പാറശ്ശാലയിൽ പാർട്ടി ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട ആശ വർക്കറായ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. സിപിഎം പ്രാദേശികനേതാക്കളുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് ഈ കുറിപ്പിന്‍റെ ഒരു ഭാഗത്ത് അവർ എഴുതിയിട്ടുണ്ട്. ഇന്ന് രാവിലെ യുവതിയുടെ മൃതദേഹം ഇവിടെ നിന്ന് മാറ്റാനെത്തിയ പൊലീസിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. 

ഇന്നലെ രാത്രിയാണ് പാറശ്ശാലയിലെ ഉദിയൻകുളങ്ങരയിൽ അഴകിക്കോണം സ്വദേശി ആശയെ തൂങ്ങി മരിച്ച നിലയിൽ കെട്ടിടത്തിൽ കണ്ടെത്തിയത്. 41 വയസ്സായിരുന്നു ഇവർക്ക്. ചെങ്കൽ പഞ്ചായത്തിലെ ആശാവർക്കറും കുടുംബശ്രീ പ്രവർത്തകയുമായ ഇവർ പാർട്ടി അനുഭാവിയാണ്. എന്നാൽ പാർട്ടി പ്രവർത്തകയല്ല എന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. പാർട്ടി ഓഫീസ് തുറക്കാനായി ഏറ്റെടുത്ത കെട്ടിടത്തിനകത്താണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നതാണ്.

തുടർന്ന് സ്ഥലത്ത് തഹസിൽദാരടക്കം എത്തി, ഇവരുടെ മൃതദേഹം മാറ്റാൻ തുടങ്ങിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തിയത്. ഇവരുടെ ആത്മഹത്യയ്ക്ക് കാരണം പ്രാദേശികസിപിഎം നേതാക്കളാണ് ഇവർ ആരോപണമുന്നയിച്ചു. തുടർന്നാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പിന്‍റെ ഒരു ഭാഗം തഹസിൽദാർ വായിച്ചത്.

അതിൽ പറയുന്നതിങ്ങനെയാണ്:

''മരണകാരണം

പാർട്ടി ചെങ്കൽ ലോക്കൽ കമ്മിറ്റി LC മെമ്പർമാരായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയി എന്നിവരുടെ മാനസികമായ പീഡനം സഹിക്കാനാവാതെയാണ് ഞാൻ ഈ കടുംകൈ ചെയ്യുന്നത്. എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു കൊറ്റാമം രാജൻ. പാർട്ടിക്ക് പരാതി നൽകിയെങ്കിലും ആരും ഒരു നടപടിയും എടുത്തില്ല.

എല്ലാം ചെങ്കലിലെ നേതാക്കൾക്കും അറിയാം''.

എന്ന് ആത്മഹത്യാക്കുറിപ്പിലെ ഒരു ഭാഗത്ത് പറയുന്നു.

ഈ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ, സ്ഥലത്തെ പ്രാദേശികസിപിഎം നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ ആശയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഉദിയൻകുളങ്ങര പാറശ്ശാല റോഡ് അരമണിക്കൂറോളം ഉപരോധിച്ചു. 

കമ്മിറ്റിയിലുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്നുള്ള മനോവിഷമമാണ് ആശ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ഇവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ഇവർ പങ്കെടുത്ത കുടുംബശ്രീയുടെ കമ്മിറ്റി ഉണ്ടായിരുന്നോ എന്നറിയില്ലെന്നും, പാർട്ടിയുടെ ഏരിയ കമ്മിറ്റി യോഗം നടന്നിരുന്നെന്നും, പക്ഷേ ഇവർ ഏരിയ കമ്മിറ്റി അംഗമല്ലെന്നും പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കിയിരുന്നു. ആശയുടെ പരാതി കിട്ടിയില്ലെന്ന് ഏരിയ സെക്രട്ടറി പറയുന്നു. പാർട്ടി പ്രാദേശിക നേതൃത്വത്തിനെതിരായ ആരോപണം പാർട്ടി അന്വേഷിക്കുമെന്നും പാറശ്ശാല ഏരിയ സെക്രട്ടറി വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios