ആലപ്പുഴ: തനിക്ക് വോട്ട് ചെയ്തവരല്ലാതെ ഒരാളുപോലും വരുന്ന അഞ്ചുവര്‍ഷക്കാലം ഒരാവശ്യത്തിനും തന്നെ സമീപിക്കരുതെന്ന് വിവാദ പ്രസംഗം നടത്തിയ ഹരിപ്പാട് നഗരസഭ ഒമ്പതാം വാര്‍ഡ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട എസ് കൃഷ്ണകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പ്രാദേശിക നേതൃത്വം. വിജയാഹ്ലാദ പ്രകടനത്തിനിടെ നടത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിപിഎം ഹരിപ്പാട് ഏരിയ കമ്മിറ്റി അറിയിച്ചു.

ജനപ്രതിനിധികള്‍ ജനങ്ങളെ ഒന്നായി കണ്ട് വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പക്ഷപാതരഹിതമായി നടപ്പാക്കണമെന്നുമാണ് പാര്‍ടിയുടെ കാഴ്ചപ്പാട്. തെരഞ്ഞെടുപ്പുവേളയിലും തുടര്‍ന്നും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ജനങ്ങളുടെ ദാസന്മാരും നിസ്വാര്‍ഥ സേവകരുമാകണം. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളെ ലംഘിക്കാനും ജനങ്ങളെ വെല്ലുവിളിക്കാനുമുള്ള നീക്കം അനുവദിക്കില്ല. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി എന്‍ സോമന്‍ വ്യക്തമാക്കി. ആഘോഷ പ്രകടനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് കൃഷ്ണകുമാര്‍ പ്രദേശവാസികളെ വെല്ലുവിളിച്ചത്.  ഈ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

കൃഷ്ണകുമാറിന്റെ വിവാദ പ്രസംഗം ഇങ്ങനെ

'ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ഞാന്‍ ഇവിടെ മത്സരിക്കാന്‍ വരുമ്പോള്‍ ഈ പ്രദേശത്തെ ഓരോ വീട്ടുകാരും അവരുടെ പുരയിടത്തില്‍ നിന്ന് ഒരു കാല്‍ ഈ റോഡിലേക്ക് വയക്കുമ്പോള്‍, കൃഷ്ണകുമാറിന്റെ നെഞ്ചത്തല്ല കൃഷ്ണകുമാര്‍ ഉണ്ടാക്കിയ റോഡിലേക്കാണ് കാല്‍ വയ്ക്കുന്നതെന്ന ചിന്ത ഉണ്ടാകുന്നത് നന്നായിരിക്കും. രണ്ടാമത് എനിക്ക് പറയാനുള്ളത് ഈ കമ്മ്യൂണിസ്റ്റുകാരന്‍ കൊണ്ടുവന്ന പൈപ്പുലൈനിലെ വെള്ളം കുടിക്കുമ്പോള്‍, അത് നന്ദിയോടുതന്നെ കുടിക്കണം എന്നാണ്. ആ വെള്ളം തൊണ്ടയില്‍ നിന്നിറങ്ങുമ്പോള്‍ ഹരേ റാം ഹരേ റാം എന്നുപറയുന്നതിനു പകരം ഹരേ കൃഷ്ണകുമാര്‍ എന്ന് ഉച്ചരിക്കാന്‍ പഠിക്കണം. വരുന്ന അഞ്ചുവര്‍ഷം ഈ പ്രദേശത്തെ മുഴുവന്‍ പേരുടെയും കൗണ്‍സിലര്‍ ആയിരിക്കില്ല. കൃഷ്ണകുമാര്‍ കൊണ്ടുവന്നതല്ലാതെ, ഒരു ഉടയതമ്പുരാനും ഒരു ചുക്കും ഇവിടെ കൊണ്ടുവന്നിട്ടില്ല എന്ന ഓര്‍മ്മ ഓരോ നിമിഷവും ഉണ്ടായിരിക്കണം'.

ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൈയില്‍ നിന്ന് കാശു വാങ്ങിയാണ് തന്നെ ചിലര്‍ ഒറ്റുകൊടുത്തതെന്ന് കൃഷ്ണകുമാര്‍ പരസ്യമായി ആരോപിച്ചു. അവര്‍ ആരൊക്കെ എന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും, താന്‍ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന അടുത്ത അഞ്ചുവര്‍ഷം ഒരാവശ്യത്തിനു വേണ്ടിയും ഇവര്‍ സമീപിക്കരുതെന്ന മുന്നറിയിപ്പും സിപിഎമ്മിന്റെ ജനപ്രതിനിഥി പരസ്യമായി തന്നെ വിളിച്ചുപറയുന്നുണ്ട്. വോട്ട് ചെയ്ത 375 പേരുടെ മാത്രം കൗണ്‍സിലര്‍ ആയിരിക്കും താനെന്നും, അതല്ലാതെ ഒരാളും സമീപിക്കരതെന്നും വീണ്ടും ആവര്‍ത്തിച്ചാണ് ഇയാള്‍ പ്രസംഗം അവസാനിപ്പിച്ചത്.