നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങുകയായിരുന്ന സിപിഎം-ബിജെപി, എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ അരുവിക്കരയിലും പട്ടാമ്പിയിലും സംഘർഷമുണ്ടായി. 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങുകയായിരുന്ന സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ അരുവിക്കര എണിക്കരയിൽ വെച്ച് സംഘർഷമുണ്ടായി. ഇരുവിഭാഗത്തിലും പെട്ട നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ആവേശത്തിന് പിന്നാലെ നടന്ന ഈ ആക്രമണം പ്രദേശത്ത് വലിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൊട്ടിക്കലാശത്തിന് ശേഷം വൈകുന്നേരം പ്രവർത്തകർ തിരിച്ചു പോകുമ്പോഴാണ് എണിക്കരയിൽ വെച്ച് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായതും അത് അക്രമത്തിൽ കലാശിച്ചതും.

ആക്രമണത്തിൽ ഒരു സിപിഎം പ്രവർത്തകന് പട്ടിക കൊണ്ട് തലയ്ക്ക് ഗുരുതരമായി അടിയേറ്റു. ഇയാളെ അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് പ്രവർത്തകർ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ ഉടൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പേരൂർക്കട താലൂക്ക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ അദ്ദേഹം നിർദ്ദേശിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുവിക്കര മേഖലയിൽ വീണ്ടും സംഘർഷമുണ്ടാകാതിരിക്കാൻ വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. എണിക്കര ഭാഗത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കി. കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും. എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. പിന്നാലെ കൂട്ടത്തല്ല് ഉണ്ടാകുകയും ചെയ്തു. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അവസാനിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.