കൊല്ലം ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ച് കല്ലമ്പലം സ്വദേശിയായ 20-കാരൻ മരിച്ചു. പുലർച്ചെയുണ്ടായ അപകടത്തിൽ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ ഭാഗത്തുനിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കൊല്ലം: ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതര പരിക്ക്. കല്ലമ്പലം ചേന്നൻകോടിന് സമീപം മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകൻ അക്കുടു എന്ന് വിളിക്കുന്ന അരുൺ കൃഷ്ണ (20) ആണ് മരിച്ചത്. സുഹൃത്തുക്കളായ മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
നാവായിക്കുളം 28 മൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. അരുൺ കൃഷ്ണ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൂവരും ആറ്റിങ്ങൽ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു. റോഡിൽ സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പ് ബാരിക്കേഡിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ബാരിക്കേഡ് തകർത്ത് ബൈക്ക് സമീപത്തെ സുരക്ഷാ കമ്പികൾക്കിടയിലേക്ക് തെറിച്ചുവീണു. കമ്പികൾക്കിടയിൽ കുടുങ്ങിക്കിടന്ന അരുൺ കൃഷ്ണയെ നാട്ടുകാരാണ് പുറത്തെടുത്തത്. മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും


