ഇടുക്കി: റവന്യൂ റിക്കവറി നടപടികൾ നേരിട്ടിരുന്ന മൂന്നാറിലെ റിസോർട്ട് സിപിഎം നിയന്ത്രണത്തിലുള്ള സർവ്വീസ് സഹകരണ ബാങ്ക് വിലയ്ക്ക് വാങ്ങി. ടീ ആന്റ് യു റിസോർട്ടാണ് 29.50 കോടി രൂപയ്ക്ക് മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് വാങ്ങിയത്. മൂന്നാർ ടൗണിൽ നിന്ന് ടോപ്പ് സ്റ്റേഷനിലേക്ക് പോകുന്ന വഴിക്ക് മർത്തോമ്മാ പള്ളിക്ക് സമീപമാണ് ഈ റിസോർട്ട് ഉള്ളത്.

ഒരേക്കർ സ്ഥലവും 35 മുറികളും അടക്കം 35,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന് 31 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. കൊവിഡിനെ തുടർന്ന് ടൂറിസം മേഖല കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴാണ് ഇത്രയും വലിയ നിക്ഷേപം ബാങ്ക് നടത്തിയതെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

എന്നാൽ ഈ ആരോപണത്തിൽ കഴമ്പില്ലെന്ന് ബാങ്ക് പ്രസിഡന്റ് കെവി ശശി പറഞ്ഞു. 31 കോടി രൂപയ്ക്ക് ഇത് വാങ്ങാൻ സർക്കാരിൽ നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്നും 29 കോടിക്കാണ് ഇത് വാങ്ങിയിരിക്കുന്നത്. ഇതിനേക്കാൾ മാർക്കറ്റ് വാല്യു ഉണ്ടെന്നും ഇതിലൂടെ കുറെ അധികം ആളുകൾക്ക് ജോലി കൊടുക്കാൻ കഴിയുമെന്നും ശശി വ്യക്തമാക്കി.

റിസോർട്ട് വാങ്ങുന്നതിന് അടക്കമുള്ള അനുമതികൾ സഹകരണ വകുപ്പിൽ നിന്ന് അടക്കം നേടിയിട്ടുണ്ടെന്നും കെ.വി ശശി വ്യക്തമാക്കി. മൂന്നാർ ഹൈഡൽ ടൂറിസത്തിൻ്റെ നിരവധി പദ്ധതികളാണ് എം എം മണി വൈദ്യുതി മന്ത്രിയായതോടെ സൊസൈറ്റിക്ക് കരാർ അടിസ്ഥാനത്തിൽ നൽകിയിരിക്കുന്നത്. നിരവധി സൊസൈറ്റികൾ കരാറുമായി രംഗത്തെത്തിയെങ്കിലും അതെല്ലാം അട്ടിറിച്ചാണ് കെ.വി ശശി പ്രിസിഡൻ്റായ ബാങ്കിന് നൽകിയത്. സംഭവത്തിൽ പ്രതിഷേധവുമായി കെ പി സി സി ജന.സെക്രട്ടറി റോയി കെ പൗലോസ് രംഗത്തെത്തിയിട്ടുണ്ട്.