Asianet News MalayalamAsianet News Malayalam

ഒളിവിലായിരുന്ന പീഡനകേസിലെ പ്രതിയെയടക്കം സ്വീകരിക്കാൻ കൊവിഡ് കാലത്ത് സിപിഎം സമ്മേളനം; പരാതിയുമായി കോണ്‍ഗ്രസ്

നേമം ഏര്യയിലെ പാപ്പനംകോട് ദർശന ഓഡിറ്റോറിത്തിലാണ് പീഡനകേസിലെ പ്രതിയടക്കമുള്ളവര്‍ പങ്കെടുത്ത സമ്മേളനം നടന്നത്. ആനാവൂരിന് പുറമെ വി ശിവൻകുട്ടിയും ചടങ്ങിലുണ്ടായിരുന്നു

cpm leader anavoor nagappan covid protocol violation program controversy
Author
Thiruvananthapuram, First Published Aug 6, 2020, 10:40 PM IST

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം മറികടന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പൊതുപരിപാടികൾ സംഘടിപ്പിച്ചതില്‍ വിവാദം കനക്കുന്നു. നെയ്യാറ്റിൻകര ചെങ്കലിലും നേമത്തുമാണ് ആനാവൂർ നാഗപ്പന്‍റെ നേതൃത്വത്തിൽ സമ്മേളനം നടത്തിയത്. പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

നേമം ഏര്യയിലെ പാപ്പനംകോട് ദർശന ഓഡിറ്റോറിത്തിലാണ് പീഡനകേസിലെ പ്രതിയടക്കമുള്ളവര്‍ പങ്കെടുത്ത സമ്മേളനം നടന്നത്. ആനാവൂരിന് പുറമെ വി ശിവൻകുട്ടിയും ചടങ്ങിലുണ്ടായിരുന്നു. പീഡന, മോഷണക്കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന പാപ്പനംകോട് സ്വദേശി സുരേഷിന് പാർട്ടി അംഗത്വം നൽകുന്ന ചടങ്ങായിരുന്നു ഇത്.

ചെങ്കൽ കാരിയോട് കഴിഞ്ഞ ദിവസമാണ് നൂറിലേറെ ആളുകൾ പങ്കെടുത്ത സമ്മേളനം നടന്നത്. ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന ചടങ്ങായിരുന്നു ഇത്. ജില്ലാ സെക്രട്ടറിക്ക് പുറമേ നെയ്യാറ്റിൻകര എംഎൽഎ ആൻസലനും പരിപാടിയിൽ പങ്കെടുത്തിരുന്നു. കൊവിഡ് വ്യാപകമായി പടർന്നു പിടിക്കുന്ന മേഖലകളിലാണ് മാനദണ്ഡം ലംഘിച്ച് ജനങ്ങൾ തടിച്ചുകൂടിയത്.

ഇതിനിടെ സമ്മേളനത്തെ കുറിച്ച് പരാതി കൊടുത്തിട്ടും പാറശ്ശാല പൊലീസ് നടപടിയെടുത്തില്ല എന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. തുടർന്ന് ആനാവൂർ നാഗപ്പനും ആൻസലനുമെതിരെ നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് കോൺഗ്രസ് നേതാവ് കെ ശെൽവരാജ് പരാതി നൽകി. നേതാക്കൾ തന്നെ നിയമംലംഘിച്ച് പൊതുപരിപാടികളുമായി രംഗത്തിറങ്ങുമ്പോഴും കൊവിഡ് നിയന്ത്രണത്തിന്‍റെ പൂർണ്ണ ചുമതലയുളള പൊലീസ് ഈ സംഭവങ്ങളൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ്. പരിപാടികൾക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് ജില്ലാനേതൃത്വത്തിന്‍റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios