അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നി വകുപ്പുകൾ ചുമത്തിയാണ് കേസ്. ലോകകപ്പ് ഫൈനലിനിടെ തൊടുപുഴ മങ്ങാട്ടുകവലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് കരിമണ്ണൂർ എസ് ഐയെയും ഡ്രൈവറെയും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ചത്.
തൊടുപുഴ: മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ എസ് ഐയെയും ഡ്രൈവറുമടക്കുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെ കേസെടുത്തു. തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറി ലിനു ജോസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നി വകുപ്പുകൾ ചുമത്തിയാണ് കേസ്. ലോകകപ്പ് ഫൈനലിനിടെ തൊടുപുഴ മങ്ങാട്ടുകവലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് കരിമണ്ണൂർ എസ് ഐ യെയും ഡ്രൈവറെയും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ചത്.
നാട്ടുകാരുടെ പരിശോധനയിൽ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും പുകയില ഉത്പന്നങ്ങളും ചീട്ടുകെട്ടും കണ്ടെത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ മദ്യപിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. രക്തസാമ്പിളുകളുടെ വിദഗ്ധ പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തിൽ ഇടുക്കി എസ് പി അന്വേഷണം തുടങ്ങി. ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിടത്ത് ഉദ്യോഗസ്ഥർ മദ്യപിച്ച് വന്നെന്ന് ആരോപിച്ചാണ് നാട്ടുകാർ പൊലീസിനെതിരെ തിരിഞ്ഞത്.
തിങ്കളാഴ്ച പുലർച്ചെ, ലോകകപ്പ് ഫുട് ബോൾ ഫൈനലിന് ശേഷം ആഘോഷ പരിപാടികൾ നടത്താൻ തുടങ്ങുന്നതിനിടെയാണ് മങ്ങാട്ടുകവലയിൽ നാടകീയ രംഗങ്ങളുണ്ടായത്. മങ്ങാട്ടുകലവയിൽ ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ് ആയ റോയ് സുകുമാരനും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും മദ്യപിച്ചാണെത്തിയതെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ബഹളം വച്ചു. ഇതിനിടെ, തൊടുപുഴ എസ് എച്ച് ഒ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും, ചീട്ടുകെട്ടും കണ്ടെടുത്തു. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ബ്രീത്ത് അനലൈസറിൽ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.
ഫൈനലിന് ശേഷമുളള ആഘോഷപരിപാടികൾക്ക് അനുമതി നിഷേധിച്ചതിലുളള വൈരാഗ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും മദ്യപിച്ചിട്ടില്ലെന്നും റോയ് പൊലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന ചീട്ടുകെട്ടുകൾ നേരത്തെ പിടിച്ചെടുത്തതെന്നും മദ്യക്കുപ്പി എങ്ങിനെ വാഹനത്തിൽ എങ്ങിനെയെത്തിയെന്നറിയില്ലെന്നുമാണ് പൊലീസുകാർ നൽകുന്ന വിശദീകരണം. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിടെ പൊലീസെതിരെ ഉണ്ടായ ആരോപണം ഗൗരവമായാണ് കാണുന്നതെന്ന് ഇടുക്കി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി, തൊടുപുഴ ഡിവൈഎസ്പി എന്നിവരോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.


