എസ്റ്റേറ്റുകളിൽ അനധികൃത മദ്യവില്പന പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ സി.പി.എം ലോക്കൽ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞിട്ട് മർദ്ദിച്ചു. എക്സൈസ് സിവിൽ ഓഫിസർ സെൽവകുമാറിനാണ് മർദ്ദനമേറ്റത്.
ഇടുക്കി: എസ്റ്റേറ്റുകളിൽ അനധികൃത മദ്യവില്പന പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ സി.പി.എം ലോക്കൽ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞിട്ട് മർദ്ദിച്ചു. എക്സൈസ് സിവിൽ ഓഫിസർ സെൽവകുമാർ [30] നാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കുണ്ടളക്ക് സമീപത്തെ എല്ലപ്പെട്ടി എസ്റ്റേറ്റിൽ പരിശോധനക്കായി എക്സൈസ് സംഘം എത്തിയത്.
തോട്ടം തൊഴിലാളികൾക്കിടയിൽ അനധികൃതമായി മദ്യം വിൽക്കുന്നതായി സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. മദ്യം വിൽപ്പന നടത്തുന്ന പ്രധാന പ്രതിയെന്ന് സംശയിക്കുന്ന രവിയെ ചോദ്യം ചെയ്യവെ സി.പി.എം ലോക്കൽ കമ്മറ്റിയംഗം അശോകന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും എക്സൈസ് ഓഫീസർ സെൽവത്തെ തടഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു.
ഒരു മണിക്കുറോളം സ്ഥലത്ത് സംഘർഷം നേരിട്ടതിനെ തുടർന്ന് പരിശോധക്ക് മുതിരാതെ സംഘം മൂന്നാറിലേക്ക് പുറപ്പെട്ടെങ്കിലും വാഹനം കടന്നു പോകുന്ന ഭാഗങ്ങളിൽ തടി കഷണങ്ങളും കല്ലും നിരത്തിവെച്ച് സെൽവത്തെ വാഹനത്തിൽ നിന്നും ഇറക്കിവിടാൻ പ്രിവന്റീവ് ഓഫീസർ പി.ജി രാധാകൃഷ്ണനോട് ആവശ്യപ്പെടുകയായിരുന്നു. മൂന്നാർ സ്വദേശിയായ സെൽവമാണ് ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു അശോകന്റെ നേതൃത്വത്തിൻ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
സിവിൽ എക്സൈസ് ഓഫീസർമാരായ വി.ആർ.സുധീർ, ജഗൻ കുമാർ, സി.അരുൺ എന്നിവരും പരിശോധനക്കായി സെൽവത്തോടൊപ്പം ഉണ്ടായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയാണ് സംഘത്തെ ഇവർ മോചിപ്പിച്ചത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ശെൽവം മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
