കേസ് അട്ടിമറിക്കാൻ സി പി എം ഇടപെട്ടു എന്നായിരുന്നു സി പി എം പ്രാദേശിക നേതാവിൻ്റെ ആരോപണം.

ആലപ്പുഴ: കണ്ണർകാട്ടെ പി കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട കേസ് അട്ടിമറിച്ചെന്ന ആരോപണം പാർട്ടി അന്വേഷിക്കുമെന്ന് സി പി എം. കേസ് അട്ടിമറിക്കാൻ സി പി എം ഇടപെട്ടു എന്നായിരുന്നു സി പി എം പ്രാദേശിക നേതാവിൻ്റെ ആരോപണം.

കഞ്ഞിക്കുഴി സി പി എം ഏരിയാ കമ്മിറ്റിയാണ് പരാതി അന്വേഷിക്കാൻ തീരുമാനിച്ചത്. റേഷൻ വ്യാപാരി സംഘടനയുടെ സംസ്ഥാന നേതാവും പാർട്ടിയംഗവുമായ ഷിബുവാണ് പരാതിക്കാരൻ. കേസിൽ മൊഴിമാറ്റാൻ പാർട്ടി പ്രാദേശിക നേതാക്കൾ പ്രരിപ്പിച്ചെന്നായിരുന്നു ഷിബുവിന്റെ പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയാണ് പരാതി നൽകിയ ഷിബു. ഞായറാഴ്ച സി പി എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അടിയന്തരയോഗം ചേർന്നാണ് ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

2013 ഒക്ടോബർ 31-ന് പുലർച്ചെയാണ്, പി.കൃഷ്ണപിള്ള അവസാനനാളുകൾ ചെലവഴിച്ച കണ്ണർകാട്ടെ വീടിന് തീയിട്ടത്. കേസിന്റെ വിചാരണ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ അവസാനഘട്ടത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിമാത്രമാണ് ഇനി രേഖപ്പെടുത്താനുള്ളത്. അതേസമയം, പികൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട കേസിൽ ഇതുവരെയും പാർട്ടി സ്വന്തംനിലയിൽ അന്വേഷണം നടത്തിയിട്ടില്ല. കോടതി വിധി പുറത്തുവന്നശേഷം തുടർനടപടിയെടുത്താൽ മതിയെന്ന തീരുമാനത്തിലാണ് സി പി എം നേതൃത്വം.