നേരത്തെ ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പിഎം ആറുണ്ണി തങ്ങളും രാജി വെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ലോക്കല്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചേക്കുമെന്ന സൂചനയുണ്ട്. 

മലപ്പുറം: പൊന്നാനിയില്‍ സിപിഎം (Ponnani CPM) നേതാവ് ടിഎം സിദ്ദീഖിനെതിരെയുള്ള (TM Siddique) നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു. പൊന്നാനി ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എന്‍കെ സൈനുദ്ദീന്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചു. നേരത്തെ ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പിഎം ആറുണ്ണി തങ്ങളും രാജി വെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ലോക്കല്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചേക്കുമെന്ന സൂചനയുണ്ട്. പൊന്നാനിയിലെ പ്രമുഖ സിപിഎം നേതാവായ ടിഎം സിദ്ദീഖിനെതിരെയുള്ള പാര്‍ട്ടി നടപടിയില്‍ പ്രവര്‍ത്തകരിലൊരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് സിപിഎമ്മില്‍ വിവാദം ഉടലെടുക്കുന്നത്. പിന്നീട് നടന്ന പാര്‍ട്ടി അച്ചടക്ക നടപടിയില്‍ സിദ്ദീഖിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. നടപടിയില്‍ അമര്‍ഷം പുകയുന്നതിനിടെ ഏരിയ സെക്രട്ടറി സിദ്ദീഖിനെതിരെ നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണം. ഏരിയ സെക്രട്ടറിയുടെ പരമാര്‍ശത്തെ തുടര്‍ന്നാണ് ഇപ്പോഴത്തെ രാജി. നേരത്തെ സിപിഐ ജില്ലാ കമ്മിറ്റിയംഗമായിരുന്ന സൈനുദ്ദീന്‍ സിപിഎമ്മിലെത്തി ഏരിയ കമ്മിറ്റി അംഗമമായി. പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ ജില്ല സെക്രട്ടറിയേറ്റംഗം ജയന്‍ വെളിയങ്കോട് പൊന്നാനിയിലെത്തി ടിഎം സിദ്ദീഖുമായി കൂടിക്കാഴ്ച നടത്തി.

പാര്‍ട്ടി ഔദ്യോഗിക വിഭാഗവും സിദ്ദീഖിനെ അനുകൂലിക്കുന്നവരും സോഷ്യല്‍മീഡിയയില്‍ നടത്തുന്ന പോര്‍വിളിയും പാര്‍ട്ടിക്ക് തലവേദനയാകുന്നു.